“സുധാമണിയെന്ന വെറുമൊരു സാധാരണ പെണ്ണിൽ നിന്നും അമൃതാനന്ദമയി അമ്മയിലേയ്ക്കുള്ള ആ പ്രയാണം..” അമ്മയുടെ പിറന്നാൾ ദിനത്തിൽ അഞ്ചു പാർവതി എഴുതുന്നു..

in post

“മക്കളേ, മറ്റുള്ളവരെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുന്ന സമയം വേണ്ട, പ്രവർത്തിച്ചു കാട്ടിക്കൊടുക്കുവാൻ. മറ്റുള്ളവർ ചെയ്യുന്നുണ്ടോ എന്നു നോക്കാതെ, സ്വയം ചെയ്യുവാൻ തയ്യാറാകണം. അപ്പോൾ നമ്മളെ സഹായിക്കാൻ ആളുണ്ടാകും. മറിച്ചു്, കുറ്റം പറയാൻ നിന്നാൽ, നമ്മളോടൊപ്പം മറ്റുള്ളവരുടെ മനസ്സ് കൂടി ദുഷിക്കുന്നു. പ്രയോജനവുമില്ല. അതിനാൽ മക്കളേ, നമുക്കു വാക്കല്ല പ്രവൃത്തിയാണാവശ്യം. അതിലൂടെ മാത്രമേ മാറ്റം സാധിക്കുകയുള്ളൂ.

ഒരിക്കൽ കൈമനത്തെ ആശ്രമത്തിൽ അമ്മ വന്നപ്പോൾ പറഞ്ഞ വാക്കുകളാണിത്. ചിന്തനീയമായ വരികളായിരുന്നു അത്. ഒപ്പം ഏറെ പ്രസക്തവും.!! എന്നെ ഏറെ ചിന്തിപ്പിച്ച വരികൾ . ഒരു പക്ഷേ ഈ വരികളിലുള്ള സത്യമാവാം അതുവരേയ്ക്കും ഒരു വിമർശനാത്മകമായ കാഴ്ചപ്പാടോടെ മാത്രം ആശ്രമത്തെയും അമ്മയെയും കണ്ടിരുന്ന എന്റെ ചിന്താഗതിയെയും മാറ്റിമറിച്ചത്. ഞാൻ അമ്മയുടെ ഭക്തയൊന്നുമല്ല;

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ കുടുംബത്തിൽ വന്നു കയറിയ മനുഷ്യന്റെ ( കൊച്ചച്ഛൻ – കുഞ്ഞമ്മയുടെ ഭർത്താവ് ) അമ്മയോടുള്ള അചഞ്ചലമായ ഭക്തിയും ആദരവും കണ്ടതുകൊണ്ട് മാത്രം വള്ളിക്കാവിലെ ആ അമ്മയെ കൂടുതലറിയാൻ ശ്രമിച്ചിരുന്നുവെന്നത് നേര്. ഒരിക്കലും ഞാനവരെ ഒരു ദൈവമായി കണ്ടിട്ടില്ല. ആ രീതിയിൽ ആരാധിച്ചിട്ടുമില്ല. എന്നാൽ കേവലം ഒരു മനുഷ്യജന്മം കൊണ്ട് സ്വായത്തമാക്കാൻ കഴിയുന്നതിനപ്പുറം ഒരു “ഔറ ” അവരിൽ പ്രകാശിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

സുധാമണിയെന്ന വെറുമൊരു സാധാരണ പെണ്ണിൽ നിന്നും അമൃതാനന്ദമയി അമ്മയിലേയ്ക്കുള്ള ആ പ്രയാണം തന്നെയാണ് അതിനുത്തരം . ഇന്ന് മാതാ അമൃതാനന്ദമയി അമ്മയുടെ ജന്മദിനമാണ്. അമ്മയെ ദൈവമായി കാണുന്നവരുണ്ടാകാം; ഗുരുവായി കാണുന്നവരുണ്ടാകാം; അതൊന്നുമല്ലാതെ വെറുമൊരു സാധാരണ സ്ത്രീയായി കാണുന്നവരുമുണ്ടാകാം. ഓരോരുത്തരുടെയും മനോവ്യാപാരമനുസരിച്ച് എങ്ങനെ വേണമെങ്കിലും ഒരാളെ ആദരിക്കാം; ആരാധിക്കാം; വിമർശിക്കുകയും ചെയ്യാം.

അതിനെല്ലാം നമുക്ക് അവകാശമുണ്ട്. പക്ഷേ അമ്മ എന്ന ഒരു വാക്ക് കൊണ്ട് അവരെ സ്നേഹിക്കുന്ന മനുഷ്യർ അവരെ അടയാളപ്പെടുത്തുമ്പോൾ അത് തീർത്തും അപക്വമായും അജ്ഞതയായും മാത്രം കണ്ട് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എടുത്ത് കുടയുന്നവരെ കാണുമ്പോൾ ചിലത് പറയാതെ തരമില്ല. ഇവിടെ ഇക്കണ്ട സിനിമാതാരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും ജന്മദിനാശംസകൾ നേരുമ്പോൾ ആർക്കും പരാതിയില്ല ; പരിഭവമില്ല.

കണ്ണിൽ കണ്ട തട്ടിപ്പ് – വെട്ടിപ്പ് വീരന്മാരെ ഒക്കെത്തിനെയും അരിയിട്ടു വാഴിച്ച് തല കുമ്പിട്ട് സാഷ്ടാംഗം നമിക്കുമ്പോൾ യാതൊരുവിധ പൊളിറ്റിക്കൽ കറക്ട്നെസ്സും നോക്കാറില്ല. പക്ഷേ മാതാ അമൃതാനന്ദമയിയുടെ കാര്യമെത്തുമ്പോൾ ഈ കാര്യങ്ങളൊന്നും ബാധകമേ ആവുന്നില്ല പലർക്കും . അമ്മ എന്ന വിളിപ്പേരിൽ തുടങ്ങുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒടുക്കം ചെന്നു നില്ക്കുന്നത് ജന്മദിനാശംസകൾ നേരുന്ന സെലിബ്രിറ്റികളുടെ പോസ്റ്റിനു കീഴെ നടത്തുന്ന വെർബൽ ഡയേറിയയിലാണ്.

മോഹൻലാലിന്റെ പോസ്റ്റിനു താഴെയും ശശി തരൂരിന്റെ പോസ്റ്റിനു കീഴെയുമൊക്കെ വർഷാവർഷം ഈ വെർബൽ ഡയേറിയ ബാധിച്ചവരെ ധാരാളമായി കാണാറുണ്ട്. മദർ തെരേസയ്ക്ക് നല്കിയ മദർഹുഡിനോട് ഒരേ സമയം സമരസപ്പെടുകയും മാതാ അമൃതാനന്ദമയിയ്ക്ക് നല്കുന്ന അമ്മയെന്ന അടയാളപ്പെടുത്തലിനോട് വിയോജിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം പ്രബുദ്ധതയാണ് നമ്മുടേത്. അതേ പോലെ തന്നെ വിശുദ്ധയാക്കപ്പെട്ട അൽഫോൻസാമ്മയുടെ അത്ഭുതസിദ്ധികളോട് കൂറും ജീവിച്ചിരിക്കുന്ന അമൃതാനന്ദമയിയമ്മയുടെ ജീവകാരുണ്യ പ്രവർത്തികളോട് അകൽച്ചയും കാണിക്കുന്ന നവോത്ഥാനമാണ് നമുക്ക് .

ALSO READ ദീപിക ഈ ഇട്ടിരിക്കുന്നതിന്റെ വില നമ്മൾ പത്തു കൊല്ലം പണിയെടുത്താൽ ഉണ്ടാക്കാൻ പറ്റില്ല.. കനുണത്തിലെ ഓരോന്നിന്റെയും വില ഇങ്ങനെ..

എന്നെ സംബന്ധിച്ച് അവരെല്ലാം നോവുന്നവർക്ക് സ്നേഹമെന്ന അമൃത് ഊട്ടിയ അമ്മമാർ തന്നെയാണ്. ദൈവമായി കരുതി ആരാധിച്ചില്ലെങ്കിലും ഇകഴ്ത്താനോ വിമർശിക്കാനോ മുതിരില്ല. അമ്മയെ കടപ്പുറം സുധാമണിയെന്നു വിളിച്ചാക്ഷേപിക്കുന്നവർ ഒന്നോർക്കണം – കടപ്പുറത്ത് ജനിച്ച അക്ഷരാഭ്യാസമില്ലാത്ത സുധാമണിയാണ് ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ മലയാളി . അതേ സുധാമണിക്കാണ് 193 രാജ്യങ്ങളിൽ ശിഷ്യസമ്പത്തും അമൃതാനന്ദമയി മിഷൻ ട്രസ്റ്റുകളുമുള്ളത്.

ലോക മത സമ്മേളനം നടക്കുബോൾ എല്ലാ മതങ്ങളെയും പ്രതിനിധീകരിച്ച് പുരുഷന്മാർ വന്നപ്പോൾ ‘ അവിടെ ഒരേ ഒരു സ്ത്രീ ആയി , ഹിന്ദുവിന്റെ പ്രതിനിധി ആയി വന്നത് കടപ്പുറം സുധാമണിയെന്നു അടച്ചാക്ഷേപിക്കുന്ന ഈ മുക്കുവ സ്ത്രീയാണ്. അതല്ലേ യഥാർത്ഥ നവോത്ഥാനം ? അതല്ലേ യഥാർത്ഥ സ്ത്രീ ശാക്തീകരണം ? കടപ്പുറത്ത് ജനിച്ചു വളർന്ന ഒരു സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു മുക്കുവ സ്ത്രീ ഇന്ന് വിശ്വഗുരുവായി ബ്രഹ്മസ്ഥാന ക്ഷേത്ര പ്രതിഷ്ഠ വരെ നടത്തുന്ന തന്ത്രിയായി മാറിയിട്ടുണ്ടെങ്കിൽ അതാണ് സനാതന ധർമ്മം സ്ത്രീകൾക്ക് നല്കുന്ന പ്രഥമസ്ഥാനം.


തൊട്ടതിനും പിടിച്ചതിനും ബ്രാഹ്മണിക്കൽ ഹെജിമണി ചികയുന്ന അഭിനവ പുരോഗമനവാദികൾ കണ്ടറിയണം സനാതനധർമ്മം കടപ്പുറം സുധാമണിയെന്നു നിങ്ങൾ അടച്ചാക്ഷേപിക്കുന്ന ഒരു മുക്കുവ സ്ത്രീയെ എത്രമേൽ ഔന്നത്യത്തിൽ പ്രതിഷ്ഠിച്ചാണ് ആരാധിക്കുന്നതെന്ന് .!!! ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു. അല്ലാതെ അവർ സ്വയം ദൈവമാണെന്നോ തന്നെ പൂജിക്കണമെന്നോ ആരോടും പറയുന്നില്ല.

എന്നാൽ അവർ സ്വജീവിതം കൊണ്ട് ലോകത്തിനും മുമ്പാകെ സനാതനധർമ്മമെന്തെന്നും അതിന്റെ പൊരുളെന്തെന്നും കാണിച്ചു തരുന്നു. സനാതനധർമ്മത്തിന്റെ ആത്മീയ ചൈതന്യമായി വിശ്വഗുരുവായി ഒരു സ്ത്രീയുണ്ടെന്നും ആ സ്ത്രീ ബ്രാഹ്മണിക്കൽ സുപ്രമസി കൊണ്ടല്ല, മറിച്ച് തപസ്യയും ആത്മജ്ഞാനവും സ്നേഹവും കൊണ്ടാണ് ലോകാരാധ്യയായതെന്നും അടയാളപ്പെടുത്തുന്നു. നിലവിൽ അമ്മ എന്ന വിളിപ്പേരിനർഹ അവരോളം ആരുമില്ല തന്നെ ! മക്കളേ എന്ന ഒരൊറ്റ വിളികൊണ്ട് പിഞ്ചുകുഞ്ഞിനെയും പടുവൃദ്ധനെയും ചേർത്തണയ്ക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകൾ ..

NB : ആൾദൈവം എന്ന രീതിയിൽ അല്ലാതെ ആത്മീയത ഉള്ളിൽ പേറുന്ന ഒരു വിശ്വഗുരുവായി അമ്മയെ ആരാധിക്കുന്നു. ഒരു സാധാരണ സ്ത്രീയിൽ നിന്നും വിശ്വഗുരുവായി മാറിയ അവരിലെ സ്ത്രീശക്തിയെ ബഹുമാനിക്കുന്നു.”

Leave a Reply

Your email address will not be published.

*