പട്ടിണി മൂലം താനും കുടുംബവും മരിക്കുമെന്ന് തോന്നിയപ്പോഴാണ് കട തുടങ്ങിയതെന്ന് ദീപക്… ശമ്പളമില്ല, പട്ടിണി; ചന്ദ്രയാൻ-3 ലോഞ്ച്പാഡ് ഉണ്ടാക്കിയ സംഘത്തിലെ ടെക്നീഷ്യൻ ഇപ്പോൾ ജീവിക്കുന്നത് ഇഡ്ഡലി വിറ്റ്,

in post

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3യുടെ ലോഞ്ച്പാഡ് ഉണ്ടാക്കിയ സംഘത്തിലെ ടെക്നീഷ്യൻ ഇപ്പോൾ ജീവിക്കാനായി ഇഡ്ഡലി വിൽക്കുന്നു. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പൊതുമേഖലാ സ്ഥാപനമായ ഹെവി എ‍ഞ്ചിനീയറിങ് കോർപറേഷൻ ലിമിറ്റഡിലെ (എച്ച്ഇസി) ടെക്നീഷ്യനും ഐഎസ്ആർഒയുടെ ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ദീപക് കുമാർ ഉപ്രാരിയ ആണ് റോഡരികിൽ ഇഡ്ഡലി വിൽക്കുന്നത്.

ചന്ദ്രയാൻ-3ന് ഫോൾഡിങ് പ്ലാറ്റ്‌ഫോമും സ്ലൈഡിങ് വാതിലും നിർമിച്ച എച്ച്ഇസി കമ്പനിയിൽ നിന്നും 18 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും പട്ടിണിയിലാവുകയും ചെയ്തതോടെയാണ് ഉപ്രാരിയയ്ക്ക് കുടുബം പോറ്റാൻ ഇഡ്ഡലി കച്ചവടത്തിന് ഇറങ്ങേണ്ടിവന്നത്. റാഞ്ചിയിലെ ധുർവ പ്രദേശത്ത് പഴയ നിയമസഭയ്ക്ക് മുന്നിലാണ് ഉപ്രാരിയ ഇഡ്ഡലിയും ചായയും വിൽക്കുന്നത്.

ചന്ദ്രയാന്റെ വിജയകരമായ ലാൻഡിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ദൗത്യത്തിലെ ലോഞ്ച്പാഡ് ജീവനക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ ശമ്പള കുടിശ്ശിക ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് എച്ച്ഇസിയിലെ ജീവനക്കാർ പറയുന്നു. ശമ്പള കുടിശ്ശിക നൽകാത്തതിനെതിരെ ജീവനക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, ഉപ്രാരിയ അടക്കം എച്ച്ഇസിയിലെ ഏകദേശം 2,800 ജീവനക്കാർക്കാണ് 18 മാസമായി ശമ്പളം ലഭിക്കാത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ഇഡ്ഡലി വിൽക്കുകയാണെന്ന് ഉപ്രാരിയ പറഞ്ഞു. കടയ്ക്കൊപ്പം ഓഫീസിലെ ജോലികളും ചെയ്യുന്നുണ്ട്. രാവിലെ ഇഡ്ഡലി വിൽക്കുകയും ഉച്ചയ്ക്ക് ഓഫീസിലേക്ക് പോകുകയും ചെയ്യുന്നു. വൈകുന്നേരം വീണ്ടുമെത്തി ഇഡ്ഡലി വിൽക്കുന്നു.


“പ്രതിസന്ധിയെ തുടർന്ന് ആദ്യം ഞാൻ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. രണ്ടു ലക്ഷം രൂപ വായ്പ ലഭിച്ചിരുന്നു. തുടർന്ന് അവരെന്നെ കുടിശിക അടയ്ക്കാത്തയാളായി പ്രഖ്യാപിച്ചു. അതിനുശേഷം, ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയാണ് ഞാൻ കുടുംബം പോറ്റിയത്. ഇതുവരെ നാലുലക്ഷം രൂപ കടമുണ്ട്. ആർക്കും പണം തിരികെ നൽകാത്തതിനാൽ ഇപ്പോൾ ആളുകൾ കടം തരുന്നത് നിർത്തി. പിന്നീട് ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തി കുറച്ച് ദിവസം ഞാൻ കാര്യങ്ങൾ മുന്നോട്ടുനീക്കി”- അദ്ദേഹം പറഞ്ഞു.

തുടർന്ന്, പട്ടിണി കിടക്കേണ്ടിവന്ന സാഹചര്യമായപ്പോൾ ഇഡ്ഡലി വിൽക്കാൻ തീരുമാനിച്ചതായി ഉപ്രാരിയ പറഞ്ഞു. “എന്റെ ഭാര്യ നന്നായി ഇഡ്ഡലി ഉണ്ടാക്കും. അത് ഞാനിവിടെ കൊണ്ടുവന്ന് വിൽക്കുന്നതിലൂടെ എനിക്ക് ദിവസവും 300 മുതൽ 400 രൂപ വരെ ലഭിക്കും. 50-100 രൂപ ലാഭമുണ്ട്. ഈ പണം കൊണ്ടാണ് ഞാൻ എന്റെ വീട് പോറ്റുന്നത്”- അദ്ദേഹം പറഞ്ഞു.

ALSO READ സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാൻ ശക്തമായി ആവശ്യപ്പെടുന്നു… കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമോ?.... ശ്രീയ രമേശ്

Leave a Reply

Your email address will not be published.

*