
നമ്മുടെ തൊടികളിലും വീട്ടുമുറ്റത്തും അധികം പരിചണമില്ലാതെതന്നെ നന്നായി വളരുന്ന മരമാണ് പേര. പേരമരത്തിന്റെ ഫലമായ പേരക്കയുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാല്‍ തീരുകയില്ല. ഒരു ചിലവുമില്ലാതെ തന്നെ ആരോഗ്യ പരിപാലനത്തിന് പേരക്ക നല്കുന്ന സഹായം ചില്ലറയല്ല. ദഹന പ്രശ്നങ്ങള്‍ മുതല്‍ പ്രമേഹത്തിനും കൊളസ്ട്രോളിനും എന്തിനേറെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പോലും പേരക്കയ്ക്കു സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ പേരക്ക എല്ലാവരും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നുള്ള കാര്യം സംശയമാണ്. ഇതിന്റെ ഫലവും ഇലയും ഒക്കെ ഒരേപോലെ ഔഷധഗുണം അടങ്ങിയിട്ടുള്ളവയാണ്. എന്നാൽ ഇതിന്റെ പകുതിപോലും പോഷകഗുണം അടങ്ങിയിട്ടില്ലാത്ത ആപ്പിൾ, ഓറഞ്ച്, അനാർ, മുന്തിരി തുടങ്ങിയവ ഇരട്ടി വില കൊടുത്ത് വാങ്ങി കഴിച്ച് സംതൃപ്തിപ്പെടുന്നവരാണ് നമ്മൾ. ഇത്തരം പണം കൊടുത്തു വാങ്ങുന്ന ഫലങ്ങളാണ് നമ്മുടെ രോഗപ്രതിരോധശേഷിക്കും ശരീര ആരോഗ്യത്തിനും നല്ലത് എന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും.

നെല്ലിക്കയിലും നാരങ്ങയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ നാരങ്ങയെക്കാൾ നാലിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഫലമാണ് പേരക്ക. ഒരുപേരക്ക കഴിക്കുമ്പോൾ ഏകദേശം 125 ഗ്രാം വിറ്റാമിൻ സിയാണ് നമ്മുടെ ശരീരത്തിലേക്കെത്തുന്നത്. എന്നാൽ ഇത് ഒരു നാരങ്ങയിൽ 19 ഗ്രാം മാത്രമാണുള്ളത്. പ്രതിരോധശേഷിക്ക് വേണ്ടി നാരങ്ങ കൂടുതലായി ഉപയോഗിക്കുകയും എന്നാൽ അതിനുപകരം ഉപയോഗിക്കേണ്ട പേരക്ക നമ്മൾ ഉപയോഗിക്കുകയും ചെയ്യാറില്ല. പ്രമേഹത്തെ പ്രതിരോധിക്കാനും പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്നതും ആയ ഒരു ഫലമാണ് പേരക്ക. തൊലിയോട് കൂടിയ പേരയ്ക്കയാണ് നമ്മൾ കഴിക്കേണ്ടത്. അതുപോലെതന്നെ നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിനേക്കാളും കൂടുതൽ പൊട്ടാസ്യം ഉള്ളത് പേരക്കയിലാണ്. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും അതിനെ കുറയ്ക്കുകയും ചെയ്യുന്നു.

ഗർഭിണികൾ അവരുടെ ആരോഗ്യത്തിനും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും, മറ്റേത് ഫലം തേടിപ്പോകുന്നതിനേക്കാളും കൂടുതൽ നല്ലത് പേരക്ക കഴിക്കുന്നതാണ്. ഗർഭസ്ഥശിശുവിന്റെ തലച്ചോറിനും നാഡീവൃഹങ്ങളുടെ വളർച്ചയ്ക്കുമൊക്കെ വേണ്ട തരത്തിലുള്ള ഗുണങ്ങളൊക്കെ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ തീർച്ചയായും കഴിക്കേണ്ട ഫലം തന്നെയാണ് പേരക്ക. പേരയ്ക്കയെ പോലെതന്നെ അതിന്റെ ഇലയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. താരതമ്യേന പേരക്ക ആളുകൾ കഴിക്കാറുണ്ടെങ്കിലും പേരയില ആരും തന്നെ ഉപയോഗിക്കാറില്ല. പ്രമേഹരോഗികൾ പേരയിലയുടെ രണ്ടു തളിരുകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ജലദോഷം, പനി,ചുമ എന്നിവ ഉള്ളവർ പേരക്ക കഴിക്കുന്നതോടൊപ്പം തന്നെ പേരയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുമ്പോൾ ഗുണം ഇരട്ടിയാകുന്നു. മൂക്കടപ്പ് ഉണ്ടാകുമ്പോൾ തുളസിയും മറ്റ് മരുന്നുകളും ഇട്ട് ആവി പിടിക്കുന്നതിനു പകരം പേരയിലയിട്ട് ആവി പിടിച്ചാൽ അത് അവയെക്കാളും ഗുണമുള്ളതാണ്.

വായയുടെയും പല്ലിന്റെയും മോണയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ പേരയിലയ്ക്ക് കഴിവുണ്ട്. പേരയില ചവച്ചരക്കുന്നതിലൂടെ വായനാറ്റം പൂർണമായി മാറ്റാം. മോണയിലുണ്ടാകുന്ന പഴുപ്പ്, പല്ലിന് കേടുണ്ടാകുന്ന അവസ്ഥ, വായിലെ പുണ്ണ്, വായിൽ ഉണ്ടാകുന്ന അണുബാധ എന്നിവയ്ക്കൊക്കെ പേരയില ചവച്ചു കഴിക്കുന്നത് വളരെ നല്ലൊരു പരിഹാരമാണ്. പേരക്ക മലബന്ധം അകറ്റുന്നു എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിന്റെ കൂടെ തന്നെ ഒരു പേരയില ചവച്ച് കഴിക്കുന്നത് ഇതിന് കൂടുതൽ ഗുണം ചെയ്യുന്നു. പേരക്കയുടെ പരിപൂർണ്ണ ഫലം ലഭിക്കുന്നത് അധികം പഴുക്കാതെ, തൊലി കളയാതെ കഴിക്കുമ്പോഴാണ്. യാതൊരുവിധ കെമിക്കലുകളും അടങ്ങാതെ നമ്മുടെ ചുറ്റുപാടുനിന്നും ലഭ്യമായ ഏറ്റവും ഗുണം ചെയ്യുന്ന പ്രകൃതിദത്തമായ ഫലം തന്നെയാണ് പേരക്ക.