
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില. പക്ഷേ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല എന്നുള്ളത് വാസ്തവമാണ്. വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, അയൺ, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മുരിങ്ങയില. ശരീരപുഷ്ടിക്കും ധാതുപുഷ്ടിക്കും വളരെ നല്ല ഇലയാണ് മുരിങ്ങയില. ഈ ധാതുക്കൾ ശരീരത്തിലെ എല്ലിന്റെ വളർച്ചക്കും ദൃഢതയ്ക്കും സഹായിക്കുന്നു. മുരിങ്ങക്കായ വച്ച് സൂപ്പ് ഉണ്ടാക്കി കഴിക്കുന്നത് ധാതുപുഷ്ടിക്ക് വളരെ നല്ല കാര്യമാണ്.പ്രത്യേകിച്ച് പുരുഷന്മാർക്ക് ശുക്ലക്കുറവിനും മറ്റും വെണ്ടയുടെ കൂടെ മുരിങ്ങകായ സൂപ്പ് വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും ലൈംഗികരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

മുരിങ്ങയിലയുടെ ഒരു ടീസ്പൂൺ നീര് ഒരു നുള്ള് ഇന്തുപ്പുമായി ചേർത്ത് കഴിക്കുന്നത് അജീർണ്ണം, ഗ്യാസ്ട്രബിൾ എന്നിവ ഉള്ളവർക്ക് വളരെ നല്ലതാണ്. ഇടയ്ക്കിടെ വരുന്ന കഫക്കെട്ട്, ചുമ, ശ്വാസംമുട്ട് എന്നിവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു നാടൻ കോഴിമുട്ടയിൽ ഒരു ടീസ്പൂൺ മുരിങ്ങ തോലിന്റെ നീര് ചേർത്ത് ആഴ്ചയിൽ മൂന്നുനേരം വീതം ഒരു മാസത്തേക്ക് കഴിക്കുകയാണെങ്കിൽ ഇവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം കിട്ടുന്നതാണ്. മുലപ്പാൽ വർദ്ധനയ്ക്ക് വളരെ നല്ല ഔഷധമാണ് മുരിങ്ങയില എന്നാണ് പറയുന്നത്. കഞ്ഞിയിൽ, മുരിങ്ങയിലയും തേങ്ങാപ്പാലും കൂട്ടിത്തിളപ്പിച്ച് ആ കഞ്ഞി അമ്മമാർ കുടിക്കുകയാണെങ്കിൽ മുലപ്പാൽ വർദ്ധനയ്ക്ക് ഇതിലും വലിയ ഔഷധം മറ്റൊന്നില്ല. പ്രമേഹമുള്ളവർ മരുന്നിനും വ്യായാമത്തോടും ഒപ്പം തന്നെ ഒരു ടീസ്പൂൺ മുരിങ്ങയില നീര് വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

മലബന്ധം, ഗ്യാസ് എന്നിവ തുടർച്ചയായി നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, മുരിങ്ങയുടെ പൂവ് നിങ്ങൾക്ക് ലഭ്യമാകുമെങ്കിൽ അത് തോരൻ വച്ച് കഴിക്കുന്നത് ഇവയ്ക്ക് വളരെ നല്ലൊരു പരിഹാരമാണ്. ഹൈപ്പർ ടെൻഷനോ രക്തസമ്മർദ്ദമോ ഉള്ള ആളാണെങ്കിൽ ഒരു ടീസ്പൂൺ മുരിങ്ങയില നീര് വെളുത്തുള്ളിയുമായി ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്. ചതവ്, ഉളുക്ക് മൂലം ഉണ്ടാകുന്ന സന്ധിയിലെ നീര് എന്നിവയ്ക്ക് ഏറ്റവും നല്ല പരിഹാരം മുരിങ്ങയാണ്. മുരിങ്ങയുടെ കൂമ്പോട് കൂടിയ ഇല ഉപ്പുമായി ചേർത്ത് അരച്ച് മൂന്നു ദിവസത്തേക്ക് രണ്ടുനേരം എന്ന രീതിയിൽ നീരിൽ ഇടുകയാണെങ്കിൽ ചതവും നീരും വളരെ പെട്ടെന്ന് മാറിക്കിട്ടും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ വേണ്ടി മുരിങ്ങയില ഏതുരീതിയിലും കഴിക്കാവുന്നതാണ്. മുരിങ്ങയില തോരനിൽ നെയ്യും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും ധാതു പുഷ്ടിക്കും കുട്ടികളെ ഉന്മേഷവാന്മാരാക്കാനും വളരെ നല്ലതാണ്.
