
ഗാർഡൻ ബാൽസം (Garden Balsam) എന്നു ലത്തീൻ ഭാഷയിൽ അറിയപ്പെടുന്ന കാശിത്തുമ്പ (Impatiens balsamina), കിഴക്കെ ദക്ഷിണേഷ്യയിലാണ് കൂടുതലും കണ്ടുവരുന്നത്. 20 മുതൽ 75 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന, കട്ടിയുള്ളതും എന്നാൽ ദുർബലവുമായ കാണ്ഡത്തോടുകൂടിയഒരു വാർഷിക സസ്യമാണിത്. ഇലകൾ സർപ്പാള ആകൃതിയിൽ അടുക്കിവെച്ചതുപോലെ കാണപ്പെടുന്നു. ഇവയ്ക്ക് 2.5-9 സെന്റീമീറ്റർ നീളവും 1-2.5 സെന്റീമീറ്റർ വീതിയും വാളിന്റെ വായ്ത്തലയ്ക്ക് സമാനമായ അരികുകളും കാണപ്പെടുന്നു. ഇവയുടെ പൂക്കൾ ശ്വേതരക്തവർണ്ണം (പിങ്ക്), ചുവപ്പ്, വെള്ള, ധൂമ (പർപ്പിൾ) നിറങ്ങളിൽ കണ്ടുവരുന്നു. 2.5-5 സെന്റീമീറ്റർ വ്യാസമുൾള്ള പൂക്കളിൽ തേനീച്ച, തേൻ കുടിക്കാനെത്തുന്ന പക്ഷികൾ എന്നിവ വഴി പരാഗണം നടക്കുന്നു.

ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും മറ്റ് ചില അസുഖങ്ങൾക്കുമുള്ള മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഇല, വിത്ത്, കാണ്ഡം എന്നിവ പാചകം ചെയ്താൽ ഭക്ഷ്യയോഗ്യമാണ്. ഇവയുടെ ഇലകളുടെ നീര് അരിമ്പാറ, പാമ്പ്കടി എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. പൂക്കൾ പൊള്ളലേറ്റ ചർമ്മങ്ങളിൽ തണുപ്പ് നൽകാനായി ഉപയോഗിക്കുന്നു.

പസഫിക്ക് സമുദ്രത്തിലെ ദ്വീപുകളിൽ വൻതോതിൽ അലങ്കാര സസ്യമായി ഇവ കൃഷി ചെയ്തുവരുന്നു.
