
ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന വസ്തുവായിട്ടു മാത്രമാണ് പലപ്പോഴും നമ്മൾ കറിവേപ്പിലയെ കാണാറ്. എന്നാൽ കറിവേപ്പില നമ്മുടെ ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിങ്ങളിൽ എത്രപേർക്കറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന നിരവധി അസുഖങ്ങളെ ചെറുക്കാൻ കറിവേപ്പിലയ്ക്കു കഴിയും. എങ്ങിനെയൊക്കെയാണതെന്നു നോക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില നീരിൽ നാരങ്ങാ നീരൊഴിച്ചു കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാക്കാൻ കഴിയും. കറിവേപ്പില അരച്ച് കുഴമ്പ് രൂപത്തിലാക്കി മോരിൽ കലക്കിക്കുടിക്കുന്നത് അതിസാരം / വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാൻ കറിവേപ്പിലയ്ക്കു കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കൊളസ്ട്രോൾ കുറക്കാൻ കറിവേപ്പില ഉപയോഗിക്കാറുണ്ട് എന്നത് താരതമ്യേന കുറച്ച് പേർക്കെങ്കിലും അറിയാവുന്ന ഒരു കാര്യമാണ്. രണ്ടുതണ്ട് കറിവേപ്പില അരച്ചശേഷം അത് അധികം പുളിയില്ലാത്ത, ഉപ്പു ചേർക്കാത്ത അരഗ്ലാസ് മോരിൽ കലക്കി വെറും വയറ്റിൽ തുടർച്ചയായി ഏഴു ദിവസം കഴിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോളിന് ആയുർവേദ മരുന്നുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതിൻ്റെ കൂടെ ഇതും കൂടി ചേർത്താൽ നല്ല രീതിയിൽ മാറ്റം ഉണ്ടാകുന്നതാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.

വൈറ്റമിൻ എ യുടെ കലവറയായ കറിവേപ്പില ആയുർവേദത്തിൽ ഒട്ടേറെ മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നമുക്കറിയുന്നതുപോലെ കേവലം എണ്ണ കാച്ചാൻ മാത്രമല്ല, പല അസുഖങ്ങളുടെ മരുന്നിനും ഇത് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ചില ത്വക്ക് രോഗങ്ങൾക്കും അകത്ത് കഴിക്കുന്ന മരുന്നുകൾക്കും പലതരം ഫോർമേഷനുകളിൽ കറിവേപ്പില ഉപയോഗിക്കുന്നു.

കൂടാതെ ഒരു സൗന്ദര്യവർദ്ധക വസ്തുവും കൂടിയാണ് കറിവേപ്പില എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ത്വക്കിന് മിനുസവും നിറവും തിളക്കവും ഒക്കെ ലഭിക്കുന്നതിനും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്. കറിവേപ്പിൻ്റെ കയ്പ്പും മണവും ഒക്കെ കാരണം നാം ഇത്തരം ആവശ്യങ്ങൾക്കായൊന്നും കറിവേപ്പില ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത. സൗന്ദര്യവർദ്ധക വസ്തുകൾക്ക് പുറമേ നല്ല ശോധനത്തിനായും കറിവേപ്പിലയുടെ ഉപയോഗം നല്ലതാണ്. കറിവേപ്പില പച്ചമഞ്ഞളും ചേർത്ത് അരച്ചശേഷം തുടർച്ചയായി അഞ്ചുദിവസം പുരട്ടിയാൽ കാല് വിണ്ടുകീറുന്നതിൽ നിന്നും തണുപ്പുകാലത്ത് കാല് വരഞ്ഞു കീറുന്നതിൽ നിന്നും പുഴുക്കടിയിൽ നിന്നും കുഴിനഖത്തിൽ നിന്നും ഒക്കെ നല്ല ആശ്വാസം ലഭിക്കും. മാർക്കറ്റിൽ നിന്ന് കിട്ടുന്ന ഒത്തിരി ക്രീമുകളെക്കാളും വളരെ ഫലപ്രദവും ഔഷധഗുണവുമുള്ള മാർഗമാണിത്.
കറിവേപ്പില അരച്ച് തേനിൽ ചേർത്തോ മോരിൽ ചേർത്തോ കൊടുത്തു കഴിഞ്ഞാൽ അധികമായും ടെൻഷൻ ഉള്ളവരിൽ, പ്രത്യേകിച്ച് കൗമാരക്കാരിൽ അവരുടെ പ്രായത്തിന്റേതായ മാനസിക പിരിമുറുക്കം, പഠനത്തിലുള്ള ബുദ്ധിമുട്ടുകൾ എന്നിവ ഒരു പരിധി വരെ കുറയുന്നതാണ്. എല്ലാ പ്രായക്കാരിലും കറിവേപ്പില അതാതുരീതിയിൽ പ്രാധാന്യമുള്ളതാണ്. 60-65 വയസ്സായ വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആളുകളിൽ കണ്ണിനുണ്ടാകുന്ന തിമിരം, Eye Dryness എന്നിവയ്ക്ക് ഒക്കെ ഒരു ടീസ്പൂൺ കറിവേപ്പില നീര് ചെറുനാരങ്ങയുടെ അര ടീസ്പൂൺ നീരുമായി ചേർത്ത് തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ കണ്ണിന് കാഴ്ച വീണ്ടു കിട്ടാനും കണ്ണിൻ്റെ ഡ്രൈനെസ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ശോധനക്കും കറിവേപ്പില ഉപയോഗിക്കുന്നു. മലബന്ധം ഉള്ളവർക്ക് കറിവേപ്പില, തണലിൽ ഉണക്കിപൊടിച്ച് തേനും ചേർത്ത് ദിവസേന കിടക്കുന്നതിനുമുമ്പ് കഴിക്കുകയാണെങ്കിൽ പിറ്റേ ദിവസത്തെ ശോധനയ്ക്ക് വളരെ ഗുണം ചെയ്യും.

വരണ്ട ചുമ അല്ലെങ്കിൽ വളരെ ഉച്ചത്തിൽ ചുമക്കുകയും എന്നാൽ കഫം പുറത്തേക്കു പോകുന്നില്ല എന്ന അവസ്ഥ ഉള്ളവർ കറിവേപ്പിലയുടെ ഒരു ടീസ്പൂൺ നീരും കുറച്ചു ചെറുതേനും കൂട്ടി കഴിക്കുകയാണെങ്കിൽ കഫം പുറത്തേക്ക് വരാനും വരണ്ട ചുമയിൽനിന്ന് മോചനം കിട്ടുകയും ചെയ്യുന്നു. കൂടാതെ കറിവേപ്പില മുടി വളർച്ചക്കും ഉപയോഗിക്കുന്നു. കറിവേപ്പിലയുടെ കൂടെ ബ്രഹ്മിയോ മൈലാഞ്ചിയോ ചേർത്ത് എണ്ണ കാച്ചി മുടിയിൽ തേക്കുന്നതോടൊപ്പം തന്നെ ഒരു തണ്ട് കറിവേപ്പില ദിവസവും കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിനും അകാലനരക്കുമൊക്കെ നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനും ‘ഫാറ്റി ലിവർ’ തുടങ്ങിയ മെഡിക്കൽ കണ്ടീഷൻ ഉള്ളവരും കറിവേപ്പില എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരത്തിലുള്ള രോഗാവസ്ഥകളെ ശമിപ്പിക്കാനും ആരോഗ്യസ്ഥിതി വീണ്ടെടുക്കാനും ഒരു പരിധിവരെ സഹായിക്കുന്നു.
അപ്പോൾ ഇന്ന് തന്നെ എല്ലാവരും വീടുകളിൽ ഓരോ കറിവേപ്പില തൈ വെച്ച് പിടിപ്പിച്ചോളൂ..
