
കാന്താരി:
വിപണിയിലെ മിന്നും താരമാണ് കാന്താരിമുളക്. കാര്യമായ കൃഷി പരിചരണം ആവശ്യമില്ലാത്ത കാന്താരി മുളകിന് വിപണിയിൽ കിലോയ്ക്ക് 200 രൂപ മുതൽ 800 രൂപ വരെ ലഭിക്കാറുണ്ട്. ശാസ്ത്രീയമായ വളപ്രയോഗമോ പരിപാലന മുറകളോ ഈ കൃഷിക്ക് ആവശ്യമില്ല. വളർത്താനായി കാന്താരിക്ക് പ്രത്യേകമായ കൃഷിയിടങ്ങൾ തയ്യാറാക്കേണ്ട കാര്യമില്ല. പല നിറങ്ങളിലുള്ള കാന്താരിമുളക് ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാലും പച്ച നിറത്തിലുള്ള കാന്താരിക്കാണ് ആവശ്യക്കാർ ഏറെയും. കാന്താരി ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്. ഔഷധഗുണമുള്ള കാന്താരിക്ക് ആവശ്യക്കാർ ഏറെയുള്ളതുകാരണം കാന്താരിമുളക് കൃഷി വളരെ ആദായകരമാണ്.

കൃഷിരീതി:
നന്നായി പഴുത്തു ചുവന്ന കാന്താരിമുളകിലെ കുരു (വിത്ത്) എടുത്ത്, വെയിലത്തുണക്കി, പാകിമുളപ്പിക്കാറാണ് പ്രായോഗിക രീതി. ഇപ്പോൾ ഏകദേശം എല്ലാ നഴ്സറികളിലും നല്ലയിനം കാന്താരി തൈകൾ ന്യായമായ വിലയിൽ ലഭ്യമാണ്. രോഗപ്രതിരോധ ശേഷിയിൽ മറ്റു മുളകിനങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന കാന്താരി മൂന്നോ നാലോ വർഷത്തോളം വിളവുതരും. പാകി മുളപ്പിച്ചതിനു ശേഷം നാലോ അഞ്ചോ ഇല പ്രായമായ തൈകൾ നിലത്തോ ഗ്രോബാഗിലേക്കോ പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ ഉപയോഗിക്കാം. വളർച്ച വേഗത്തിലാക്കാൻ വേണ്ടി പുളിച്ച കഞ്ഞിവെള്ളത്തിൽ ഇരട്ടി വെള്ളം ചേർത്ത് കാന്താരിചെടിക്ക് ഒഴിച്ച് കൊടുക്കാറുണ്ട്. കൃഷിയിടത്തിൽ ഇടവിളയായി ചെയ്യാൻ പറ്റുന്ന കാന്താരിക്ക് വേനൽക്കാലത്തു ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നന ആവശ്യമാണ്. നല്ലൊരു ജൈവ കീടനാശിനിയായി കണക്കാക്കുന്ന കാന്താരിമുളകിനെ സാധാരണയായി കീടങ്ങൾ അക്രമിക്കാറില്ല. കാന്താരിമുളക് ലായനി കീടങ്ങളെ തുരത്താനായി പണ്ടുമുതൽ ഉപയോഗിക്കാറുണ്ട്.
സാധാരണഗതിയിൽ കീടങ്ങളോ രോഗങ്ങളോ ബാധിക്കാത്ത കാന്താരിയെ, ചിലപ്പോൾ വെള്ളീച്ചകൾ ആക്രമിക്കാറുണ്ട്. ഇല കുരിടിപ്പ് രോഗവും കാണാറുണ്ട്. ഇത് രണ്ടും ഉൽപാദനത്തെ കാര്യമായി ബാധിക്കില്ല. കുരുടിപ്പ് മാറ്റാൻ പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേർപ്പിച്ച് ഇലകളിൽ അടിച്ചു കൊടുക്കുക. വെള്ളീച്ചകളെ അകറ്റാൻ ഇലകളുടെ അടിയിലേക്ക് വെള്ളം അടിക്കുകയോ അല്ലെങ്കിൽ കാന്താരിമുളകും വെളുത്തുള്ളിയും കൂടി അരച്ച്, അതിൽ അല്പം വെള്ളം ചേർത്തുവെച്ച്, ഒരു ദിവസം കഴിഞ്ഞ്, തെളിയൂറ്റിയെടുത്ത്, വെള്ളം ചേർത്ത് നേർപ്പിച്ച് മുളകുചെടികളിൽ അടിച്ചുകൊടുത്താൽ മതിയാകും.

ഔഷധഗുണങ്ങൾ:
ഏറെ ഔഷധഗുണങ്ങളുള്ള കാന്താരിമുളകിലടങ്ങിയിരിക്കുന്ന കാപ്സൈസിന് (Capsaicin) നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കിത്തരുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ കാന്താരിമുളക് ഉത്തമമാണ്. കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും, ജീവകങ്ങളായ എ, ഇ, സി, എന്നിവയാലും സമ്പുഷ്ടമാണ് കാന്താരി മുളക്. പൊണ്ണത്തടി കുറക്കുവാനും ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും കാന്താരിയുടെ ഉപയോഗം നമ്മെ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കാന്താരി നല്ലതാണ്. ജീവകം സി യുടെ സാന്നിധ്യം ധാരാളമുള്ളതിനാൽ കാന്താരി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതേ കാന്താരി നല്ലൊരു വേദനസംഹാരിയായും പ്രവർത്തിക്കുന്നു. സന്ധിവാതം / ആമവാതം (Arthritis) പോലുള്ള രോഗങ്ങൾക്ക് ഉത്തമമാണ് കാന്താരിമുളക്.

ഉപയോഗിക്കേണ്ട രീതി:
തനിയെ കാന്താരിമുളക് കഴിക്കുന്നതിനേക്കാൾ, മറ്റു ഭക്ഷണങ്ങളുടെ കൂടെ ചേർത്ത് കഴിക്കുന്നതാണ് ഉത്തമം.
വിപണി:
ആവശ്യക്കാർ ഏറെയുള്ളതും എന്നാൽ ആവ്യശ്യത്തിനനുസരിച്ച് വിപണിയിൽ ലഭ്യമല്ലാത്തതുമായ കാന്താരിമുളകിന് ഇപ്പോൾ വിപണിയിൽ വലിയ ഡിമാൻഡ് ആണ്. നിങ്ങളുടെ അടുത്തുള്ള സൂപ്പർമാർക്കറ്റുകളിലും ആയുർവേദ ഔഷധനിർമാണ കമ്പനികളിലും കൂടി നിങ്ങൾക്ക് നിങ്ങളുടെ കാന്താരിമുളക് ഉല്പാദനത്തിന് മികച്ചവിപണി കണ്ടെത്താവുന്നതാണ്.
ഔഷധഗുണങ്ങളുടെ കാര്യത്തിലും വിപണിയിലും മുമ്പിൽ നിൽക്കുന്ന കാന്താരിമുളക് കൃഷി ചെയ്യൂ… ലാഭം കൊയ്യൂ…. ആശംസകൾ…..
