
കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ് കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതുകൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ് കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ് കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

കല്ലുരുക്കി ഈർപ്പമുള്ള വയലോരങ്ങ ളിലും, പാതയോരങ്ങളിലും, പറമ്പിലും ധാരാളമായി കാണുന്ന ഔഷധമാണ്. ഇതിന്റെ ശാസ്ത്രീയനാമം സ്കോപരിയ ദുൽസിസ് ( Scoparia Dulcis ) എന്നാണ്. ഇത് മീനാംഗണി, സന്യാസിപ്പച്ച, ഋഷി ഭക്ഷ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. അസ്മാഗ്നി എന്ന സംസ്കൃതം നാമത്തിൽ അറിയപ്പെടുന്ന ഇതിനെ വയനാട്ടിൽ മുറികൂട്ടി എന്നും ചിലർ വിളിക്കുന്നു.

ആയുർവേദ, അലോപ്പതി, ഹോമിയോ വൈദ്യന്മാരെല്ലാം മൂത്രാശയക്കല്ലിന് കല്ലുരുക്കിയെ നിർദ്ദേശിക്കാറുണ്ട്. കല്ലുരുക്കി വേരോടെ പറിച്ച്, കൊച്ചു കഷണങ്ങളാക്കി രണ്ട് ലിറ്റർ വെള്ളത്തിലിട്ട് വെള്ളം ഒരു ലിറ്റർ ആകുന്നതുവരെ വറ്റിക്കുക. ഈ പാനീയം നാലോ, അഞ്ചോ തവണ രണ്ട് ആഴ്ചയോളം കുടിച്ചാൽ മൂത്രാശയക്കല്ല് അലിഞ്ഞുപോകും. കല്ലുരുക്കി സമൂലം അരച്ച് കരിക്കിൻ വെള്ളത്തിൽ വെറും വയറ്റിലും കഴിക്കാം. കൂടാതെ കഫം, പിത്തം, പനി, ത്വക്ക് രോഗങ്ങൾ, മുറിവുകൾ എന്നിവയ്ക്കും മരുന്നായിട്ട് ഇത് ഉപയോഗിക്കുന്നു.
