
നമ്മൾ പലവിധത്തിൽ പല രൂപങ്ങളിൽ ഉപയോഗിച്ചു പോരുന്ന ഒന്നാണ് ഇഞ്ചി. ‘ശുണ്ടി’ എന്ന് സംസ്കൃതത്തിൽ വിളിക്കുന്ന ഇഞ്ചിക്ക് ‘മഹൗഷധി’ എന്നും പേരുണ്ട്. മഹൗഷധി എന്ന പേര് പോലെ തന്നെ ഇതിന്റെ ഒട്ടേറെ ഔഷധഗുണങ്ങളാണ് ഇതിനെ ഈ പേരിന് അർഹമാക്കിയത്. ഒട്ടുമിക്ക അസുഖങ്ങളിലും ഇഞ്ചിയോ ചുക്കോ ഉപയോഗിക്കുന്നു എന്നുള്ളത് വാസ്തവമാണ്. പഴമക്കാർ പറയുന്നതുപോലെ ‘ചുക്കില്ലാത്ത കഷായം ഇല്ല’ എന്നത് അക്ഷരാർത്ഥത്തിൽ ശരിയായ ഒരു കാര്യം തന്നെയാണ്. മിക്കവാറും എല്ലാ ആയുർവേദ മരുന്നുകളുടെ ചേരുവയിലും ഇഞ്ചിയോ ചുക്കോ പ്രധാനമായും അടങ്ങിയിട്ടുണ്ടാകും. അഥവാ ഈ മരുന്നുകളിൽ ഇത് അടങ്ങിയിട്ടില്ലെങ്കിൽ, അനുപാനമായോ സഹപാനമായോ ചുക്കുപൊടി മരുന്നുകളുടെയൊപ്പം കൊടുക്കാറുണ്ട്. ഇഞ്ചി ഉണങ്ങിയതിനെയാണ് നമ്മൾ ചുക്ക് എന്ന് വിളിക്കുന്നത്.

ഏത് അവസ്ഥയിലും ഗുണപ്രദമാകുന്ന ഇഞ്ചിയിൽ ഒരുപാട് നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കാർബോഹൈഡ്രേറ്റ്, കാൽസ്യം, അയൺ, മഗ്നീഷ്യം, വിറ്റമിൻസ്, ജലാംശം എന്നിവ ഇതിൽ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്. ഒരു വ്യക്തിയെ ആരോഗ്യപരമായി സൂക്ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട് എന്നത് ഇഞ്ചിയുടെ സവിശേഷതയാണ്. അതിനാൽ തന്നെ നമ്മൾ എല്ലാ ദിവസവും കഴിവതും ഇഞ്ചി കഴിക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. വിഭവസമൃദ്ധമായ സദ്യകളിൽ ഒക്കെയും പ്രത്യക്ഷമാകുന്ന ഒരു വിഭവമാണ് ഇഞ്ചിക്കറി. ഇതെന്തുകൊണ്ടാണെന്നാൽ വിവിധ വിഭവങ്ങൾ അടങ്ങിയ സദ്യ കഴിക്കുന്നത് മൂലം അജീർണ്ണം, ദഹനക്കേട് എന്നിവ ഉണ്ടാക്കാൻ ഇടയുണ്ട്. ഇതിനെ തടയാനാണ് ഇഞ്ചിക്കറി സദ്യകളിലൊക്കെയും ഉൾപ്പെടുത്തുന്നത്. ഇഞ്ചി നല്ലൊരു വേദന സംഹാരിയാണ്. അതിനാൽ തന്നെ സന്ധികളിലെ നീര്, വേദന തുടങ്ങിയവയ്ക്കും ദഹന പ്രശ്നങ്ങൾക്കും വളരെ നല്ലതാണ് ഇഞ്ചി. ചർദ്ദി, വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയവയ്ക്കും ഇഞ്ചി ഫലപ്രദമായ ഒരു മരുന്നായി ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇഞ്ചി ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതിക്കൊണ്ട് ദിവസേന അളവിലും കൂടുതൽ ഇഞ്ച് കഴിച്ചാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആരോഗ്യവാനായ ഒരാൾക്ക് ദിവസേന 4-5 ഗ്രാം വരെ ഇഞ്ചി കഴിക്കാമെന്നാണ് കണക്ക്. ഇതിന്റെ ഔഷധ ഒറ്റമൂലികളെ കുറിച്ച് പറയുകയാണെങ്കിൽ, ചുക്കും കുരുമുളകും കൽക്കണ്ടവും സമം ചേർത്ത് പൊടിച്ചെടുത്തതിന്റെ കൂടെ കുറച്ച് വറുത്ത ജീരകവും കൂട്ടിക്കഴിഞ്ഞാൽ ചുമ, കഫക്കെട്ട്, ജലദോഷം തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഒരു മരുന്നാണ്. ചുക്കും തിപ്പല്ലിപൊടിയും സമാസമം ചേർത്ത് അതിന്റെ കാൽഭാഗം ഇന്തുപ്പും കൂടെ ചേർത്തശേഷം രാവിലെ കഴിക്കുകയാണെങ്കിൽ ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ളവരിലുണ്ടാകുന്ന പൊടി, അലർജി, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയ്ക്ക് നല്ല രീതിയിൽ ശമനമുണ്ടാകാറുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ സാധാരണയായി നാം ഇഞ്ചിനീരും നാരങ്ങയും ഒക്കെ ചേർത്ത് കഴിക്കാറുണ്ട് . അതുപോലെതന്നെ ഇഞ്ചിനീരും തേനും സമാസമം ചേർത്ത് കഴിക്കുന്നത് ദഹനത്തിനും അജീർണ്ണത്തിനും ചർദ്ദിക്കും വയറുവേദനയ്ക്കുമൊക്കെ വളരെ ഫലപ്രദമായ ഒരു മരുന്നാണ്. അജീർണ്ണത്തിനാണ് നിങ്ങൾ ഇഞ്ചി ഉപയോഗിക്കുന്നതെങ്കിൽ ഇഞ്ചി നീര് ഉപയോഗിക്കുന്നതിനു പകരം തൊലി കളഞ്ഞ ഒരു കഷണം ഇഞ്ചി ഉപ്പും ചേർത്ത് ചവച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചൂടുവെള്ളത്തിൽ ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് അത് കുറയ്ക്കാനും കരളിന്റെ ആരോഗ്യത്തിനും നെഞ്ചിരിച്ചിൽ തടയാനും വളരെ നല്ലതാണ്. നെഞ്ചിരിച്ചൽ, ഗ്യാസ്ട്രബിൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലും ഇഞ്ചി ചവച്ചരച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. ഇന്ന് വളരെ പ്രചാരത്തിലുള്ള ഒന്നാണ് ‘ജിഞ്ചർ ടീ’. ഇത്തരത്തിൽ ഇഞ്ചി ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഇതിന്റെ കൂടെ തേനും നാരങ്ങാനീരും കൂട്ടി കഴിച്ചു കഴിഞ്ഞാൽ തലവേദന പെട്ടെന്ന് തന്നെ ശമിക്കുന്നതാണ്. അതുപോലെതന്നെ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഒന്നാണ് ‘ജിഞ്ചർ വൈൻ’. ഇഞ്ചി ഇത്തരത്തിൽ പലരീതിയിലും ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യനില എപ്പോഴും നല്ല രീതിയിൽ നിലനിർത്താനും ആരോഗ്യാവസ്ഥ മെച്ചപ്പെടുത്താൻ ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നു.

സംസ്കൃതത്തില്‍ മഹൗഷധി, ആര്‍ദ്രകം, ശൃംഗവേരം, കടുഭദ്രം, കടുത്കം എന്നിങ്ങനെ പറയപ്പെടുന്ന ഇഞ്ചിക്ക് തമിഴില്‍ ഇന്സിയെന്നും മറാഠിയില്‍ ‘ആലെ’ ബംഗാളിയില്‍ ‘ആദു’ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ ജിഞ്ചര്‍ എന്നാണ് നാമം. ലോകത്ത് ഇഞ്ചി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. അതുകഴിഞ്ഞാല്‍ ചൈനയും പിന്നീട് യഥാക്രമം നേപ്പാള്‍, ഇന്‍ഡൊനീഷ്യ, നൈജീരിയ എന്നിങ്ങനെയാണ് ഇഞ്ചിയുത്പാദനത്തിന്റെ കണക്ക്.