
നാം സാധാരണയായി ഉപയോഗിക്കുന്ന ധാന്യമാണ് ചെറുപയർ. ഇത് ബലത്തിനും പുഷ്ടിക്കും ഓജസ്സിനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. പൾസസിൽ മുൻനിരയിലുള്ള ഏറ്റവും നല്ല ധാന്യമാണ് ചെറുപയർ. ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലാവരും കഴിക്കുന്നത് നല്ലതല്ല. ഇത് “വായു കൂട്ടുന്നു” എന്ന് ആയുർവേദത്തിൽ പറയാറുണ്ട്. അതുകൊണ്ടുതന്നെ ചിലർക്ക് ഇത് കഴിച്ചാൽ വയറിൽ സ്തംഭനം, ഗ്യാസ്, മലബന്ധം തുടങ്ങിയവ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങളുള്ളവർ ഒഴിവാക്കേണ്ട, അല്ലെങ്കിൽ താരതമ്യേന അളവ് കുറച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ചെറുപയർ. “വാത”ത്തിന് വിവിധ മരുന്നുകൾ കഴിക്കുന്നവരിലും ചെറുപയറിന്റെ ഉപയോഗം അത് കൂട്ടുന്നതായി കണ്ടുവരുന്നു. ഇതിൽ വിറ്റാമിൻ എ യും സിങ്കും അടങ്ങിയിട്ടുള്ളത് മൂലം കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചക്കുറവ് പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള സിങ്ക് പ്രതിരോധ ശേഷിക്കും നല്ലതാണ്.

ചിലരിൽ ഉണ്ടാവുന്ന സംശയമാണ് പ്രമേഹരോഗം ഉള്ളവർക്ക് ചെറുപയർ കഴിക്കാമോ എന്നുള്ളത്. എന്നാൽ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാം എന്നുള്ളതാണ് സത്യം. ചെറുപയറിന്റെ ഉപയോഗം നിങ്ങളിൽ ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിൽ ധാരാളം വെളുത്തുള്ളി ചേർത്ത് കഴിക്കുന്നതാണ് നല്ലത്. ചെറുപയർ മോശം കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനാൽ കൊളസ്ട്രോൾ ഉള്ളവർക്കും ചെറുപയർ ഒരേ പോലെ കഴിക്കാവുന്നതാണ്. ഗർഭിണികൾ പ്രാതലായോ അത്താഴമായോ ചെറുപയർ കഴിക്കുന്നത് അവരുടെ ആരോഗ്യത്തിനും ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കും വളരെ നല്ലതാണ്. ധാരാളം അയണും ഫോളിക്കാസിഡും അടങ്ങിയിട്ടുള്ളതിനാലാണ് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും മുലപ്പാൽ വർദ്ധനയ്ക്കും ചെറുപയർ ഉപയോഗിക്കുന്നത്. ചെറുപയർ കഞ്ഞിയുടെ കൂടെ തേങ്ങാപ്പാൽ ഒഴിച്ചാണ് സാധാരണയായി മുലപ്പാൽ വർദ്ധനയ്ക്ക് കൊടുക്കാറ്. കൗമാരക്കാരിലും ഗർഭിണികളിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന ഹീമോഗ്ലോബിന്റെ അളവ് കുറയലിനെയും രക്തക്കുറവിനെയും വിവിധ സർജറികൾ കഴിഞ്ഞ് വിശ്രമിക്കുന്നവരുമൊക്കെ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ചെറുപയർ. ചെറുപയറിൽ മഗ്നീഷ്യം മടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിലെ ബ്ലോക്കുകൾ (cardiovascular diseases) എന്നിവയ്ക്ക് കൂടി ഇത് പരിഹാരമാകുന്നു.

സസ്യഭുക്കുകളായ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ധാന്യമാണ് ചെറുപയർ. പുഴുങ്ങിയ ചെറുപയർ പാലിൽ ചേർത്ത് കഴിക്കുന്നത് വയറ്റിലെ പുണ്ണ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ക്ഷീണമുള്ള കുട്ടികൾക്ക് പാലിൽ അരച്ച് ഷേക്ക് രൂപത്തിൽ ഉണ്ടാക്കി കുടുക്കുന്നത് നല്ലതാണ്. അകാരണമായ ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടുന്നവരുണ്ടെങ്കിൽ ചെറുപയർ
വേവിച്ചരച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ചെറുപയറിന്റെ പൊടിതേച്ച് കുളിക്കുക എന്നുള്ളത് പുരാതന കാലം തൊട്ടേ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു രീതിയാണ്. കൂടാതെ ഇത് ഫെയ്സ് പാക്ക് ആയും തലയിലെ താരൻ പോകാനും കൂടി ഉപയോഗിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒട്ടേറെ ഗുണം ചെയ്യുന്ന ഔഷധഗുണമുള്ള ധാന്യമാണ് ചെറുപയർ.
