മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്‌സ് നീണ്ട കുറിപ്പാണ് ശ്രദ്ധിച്ചു വായിക്കണം ജനുവരി 20 നാണ് അമേരിക്കയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് രണ്ടു മാസം കഴിഞ്ഞ് മാർച്ച് 20 ആയപ്പോൾ അത് 19000 ആയി ഇന്നിപ്പോൾ കേസുകളുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു അമേരിക്കയിലെ നിയന്ത്രണങ്ങൾ ഏപ്രിൽ അവസാനം വരെയെങ്കിലും ഉണ്ടാകുമെന്നും മരണങ്ങളുടെ എണ്ണം ലക്ഷത്തിന് മുകളിലെത്താമെന്നും പ്രവചിച്ചിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് തന്നെയാണ്

ജനുവരി 29 നാണ് കേരളത്തിൽ ഒന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത് രണ്ടു മാസം കഴിഞ്ഞ് മാർച്ച് 29 ന് കേസുകൾ 165 ആയി രണ്ടുമാസം കഴിഞ്ഞപ്പോൾ അമേരിക്കയിൽ കേസുകൾ 19000 ആയി എന്ന് ഓർക്കുക. അമേരിക്കയിൽ പത്തിരട്ടി ജനസംഖ്യയുണ്ട് ജനസംഖ്യാനുപാതികമായി പറഞ്ഞാൽ പോലും രണ്ടുമാസം കഴിഞ്ഞപ്പോഴത്തെ കേരളത്തിന്റെ പത്തിരട്ടി കേസുകളിൽ അധികം അമേരിക്കയിൽ ഉണ്ടായിരുന്നു ഇതൊരു ഫ്ലൂക്ക് (പൊട്ടഭാഗ്യം) ആണെന്ന് വേണമെങ്കിൽ നമുക്ക് പറയാം അതുകൊണ്ട് ജനുവരി 29 ന് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങളിലെ രണ്ടു മാസം കഴിഞ്ഞുള്ള കേസുകളുടെ എണ്ണം നോക്കാം

ഇറ്റലി – ആദ്യ കേസ് ജനുവരി 29 മാർച്ച് 29 – 97869 കേസുകൾ ഫിലിപ്പീൻസ് – ആദ്യ കേസ് ജനുവരി 29
മാർച്ച് 29 – 1418 കേസുകൾ രണ്ടും കേരളത്തിലും ഏറെ കൂടുതൽ ഇറ്റലിയിൽ മരണം പതിനായിരം കടന്നു. കേരളത്തിൽ മരണം ഇപ്പോൾ രണ്ടു മാത്രം നമുക്ക് ശേഷം കേസുകൾ റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കാം

ജനുവരി 30 നാണ് സ്‌പെയിനിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ഇന്നവിടെ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ ജനുവരി 30 നാണ് യു കെ യിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ഇന്ന് കേസുകളുടെ എണ്ണം 25000 ന് മുകളിൽ ഫെബ്രുവരി 3 ന് ബെൽജിയത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു ഇന്ന് 13000 ന് മുകളിൽ ഫെബ്രുവരി 24 ന് സ്വിറ്റ്‌സർലണ്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ഇന്ന് 17000 ന് മുകളിൽ

ഈ പറഞ്ഞ രാജ്യങ്ങളിൽ ഫിലിപ്പീൻസ് ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ് അതിനാൽ അവിടങ്ങളിൽ കൂടുതൽ ടെസ്റ്റിംഗ് നടക്കുന്നതുകൊണ്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട് ഇനി നമുക്ക് മരണ സംഖ്യയുടെ കണക്ക് നോക്കാം ഇറ്റലി – 13000 ഫിലിപ്പീൻസ് – 96 സ്‌പെയിൻ – 9000 + യു കെ – 2300 + ബെൽജിയം – 800 + സ്വിറ്റ്സർലാൻഡ് – 400

അപ്പോൾ കേരളത്തിൽ സംഭവിച്ചത് പൊട്ടഭാഗ്യം അല്ല ജനുവരി 29 ന് ശേഷം ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത 34 രാജ്യങ്ങളിൽ കേസുകളുടെ എണ്ണം ആയിരത്തിൽ കൂടുതലായി കൂടുതൽ ടെസ്റ്റുകൾ ചെയ്‍തത് കൊണ്ടാണെന്ന് വേണമെങ്കിൽ നമുക്ക് വാദിക്കാമെങ്കിലും മൊത്തം മരണം നൂറിൽ കവിഞ്ഞ രാജ്യങ്ങൾ 13 ഉണ്ട് ഇന്നും കേരളത്തിൽ മരണത്തിന്റെ എണ്ണം രണ്ടാണെന്ന് ചിന്തിക്കണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത് എന്നുള്ളതിൽ എനിക്ക് ഒരു സംശയവുമില്ല രണ്ടു വർഷം മുൻപ് നിപ്പ നേരിട്ട പരിചയം ഇത്തരം കേസുകളെ ഗൗരവമായി എടുക്കാൻ നമ്മളെ ശീലിപ്പിച്ചു ട്രാക്കിങ്ങ് ട്രേസിങ് ഐസൊലേഷൻ പ്രോട്ടോക്കോൾ ഇവയെല്ലാം നമുക്ക് പരിചിതമായിരുന്നതിനാൽ പെട്ടെന്ന് പ്രയോഗിക്കാൻ സാധിച്ചു

ഇതിന്റെ ക്രെഡിറ്റ് ഈ സർക്കാരിന്റേത് മാത്രമല്ല വർഷങ്ങളായി ആരോഗ്യ രംഗത്ത് നടത്തിയ മുതൽ മുടക്ക്, അതുണ്ടാക്കിയ പൊതുജനാരോഗ്യ സംവിധാനങ്ങൾ ആത്മാർത്ഥയുള്ള ആരോഗ്യപ്രവർത്തകർ ഇവയെല്ലാം കൂടിച്ചേർന്നാണ് ഈ വിജയം നമുക്ക് സമ്മാനിച്ചത് ഇതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം അതേ സമയം കേരളത്തെക്കാളും എത്രയോ ആളോഹരി വരുമാനമുള്ള രാജ്യങ്ങളിലും എത്രയോ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള സ്ഥലങ്ങളിലും മരണസംഖ്യ ആയിരങ്ങൾ കടക്കുന്പോൾ ഉള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മരണ സംഖ്യ പിടിച്ചു നിർത്തിയ സർക്കാരിനെയും അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും നമുക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

ഇന്ന് കൊറോണയുടെ പിടിയിൽ പെട്ട് ചക്രശ്വാസം വലിക്കുക്ക മറ്റു രാജ്യങ്ങളിലെ നേതൃത്വം ഈ വിഷയത്തെ ആദ്യത്തെ കേസ് ഉണ്ടായ സമയത്ത് എങ്ങനെയാണ് സമീപിച്ചതെന്ന് അന്വേഷിച്ചാൽ കേരളത്തിലെ നേതൃത്വത്തിന്റെ മാറ്റ് നമുക്ക് മനസ്സിലാക്കാൻ പറ്റും എന്നാൽ കൊറോണ ഒരു ട്വന്റി ട്വൻറി മാച്ച് അല്ല ഒന്നിൽ കൂടുതൽ ഇന്നിങ്‌സുള്ള ടെസ്റ്റ് മാച്ച് ആണ് എന്ന് ഞാൻ പറഞ്ഞല്ലോ അതുകൊണ്ട് തന്നെ ഒന്നാം റൌണ്ട് വിജയിച്ചു എന്ന് കരുതി പാഡ് അഴിച്ചുവെച്ച് ഷാംപൈൻ കുടിക്കാൻ സമയമായിട്ടില്ല

ഒന്നാം റൗണ്ടിലെ വിജയത്തിന് ശേഷം കേരളം ഇപ്പോൾ കൊറോണയുടെ രണ്ടാമത്തെ വരവ് നേരിടുകയാണ് മാർച്ച് എട്ടിനാണ് കേരളത്തിൽ കൊറോണയുടെ രണ്ടാമത്തെ സെറ്റ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ന് കേസുകൾ 265 ആയി (ഒന്നാം റൌണ്ട് ഉൾപ്പെടെ).

ഇതേ ദിവസം (മാർച്ച് എട്ടിന്) ശേഷം ആദ്യത്തെ കേസുണ്ടായ മറ്റു രാജ്യങ്ങളുടെ കാര്യം നോക്കാം

ഈ രാജ്യങ്ങളിൽ ടർക്കിയും പനാമയും ഒഴിച്ചുള്ള രാജ്യങ്ങളിൽ കേസുകൾ ആയിരത്തിൽ താഴെയാണ് പൊതുവിൽ അഞ്ഞൂറിന് താഴെയും പക്ഷെ മിക്കവാറും രാജ്യങ്ങൾ പൊതുവെ ജനസംഖ്യ കേരളത്തേക്കാൾ കുറഞ്ഞതോ വളരെ കുറഞ്ഞതോ ആയ സ്ഥലങ്ങളുമാണ് ഇപ്പോൾ പതിനായിരങ്ങളിൽ കേസുകൾ നിൽക്കുന്ന രാജ്യങ്ങളിൽ ആദ്യത്തെ നാലാഴ്ചത്തെ കേസുകളുടെ വളർച്ച നോക്കിയാൽ ഇപ്പോൾ കേരളത്തിൽ കാണുന്നതുമായി സാമ്യമുണ്ട് ഇതിന്റെ അർത്ഥം രണ്ടാം ഇന്നിംഗിൽ നമ്മുടെ സ്ഥിതി ഒന്നാമത്തെ വരവിലെ പോലെ സുരക്ഷിതമല്ല എന്നാണ് അടുത്ത പതിനാല് ദിവസത്തിനകം നാം കൊറോണയുടെ വളർച്ചയെ പൂർണ്ണ നിയന്ത്രണത്തിൽ ആക്കിയില്ലെങ്കിൽ ഒരു മാസത്തിനകം നമ്മളും അമേരിക്കയും ഇറ്റലിയും ഇംഗ്ലണ്ടും പോയ വഴിക്ക് പോകും എന്നാണ്.

ആ വഴി എത്ര ശോചനീയമാണ് എന്നതിന് കുറച്ചു കാര്യങ്ങൾ പറയാം നിങ്ങൾക്ക് എല്ലാവർക്കും ലഭ്യമായ പത്ര വാർത്തകളാണ്.

പതിനായിരങ്ങൾ മരിച്ചിരിക്കുന്നു ലക്ഷക്കണക്കിന് ആളുകൾ മരിച്ചേക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകുന്നു ആശുപത്രിയിൽ കൊറോണയുമായി യുദ്ധം ചെയുന്ന ഡോക്ടർമാർക്ക് ആവശ്യത്തിന് സുരക്ഷാ ഉപകാരണങ്ങൾപോലും കൊടുക്കാൻ രാജ്യങ്ങൾക്ക് കഴിയുന്നില്ല ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ രോഗത്തിന് അടിപ്പെടുന്നു ഡസൻ കണക്കിന് ഡോക്ടർമാർ മരിക്കുന്നു ഇന്നത്തെ യൂറോപ്പും അമേരിക്കയുമാണ് കേരളത്തേക്കാൾ പത്തിരട്ടിയെങ്കിലും പ്രതിശീർഷ വരുമാനമുള്ള വളരെ നല്ല ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലെ കാര്യമാണ് നാളെ കേരളം ഈ വഴിയിൽ എത്തിപ്പെട്ടാൽ നമ്മുടെ കഥയെന്താകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ വികസിതരാജ്യങ്ങളിൽ പോലും രോഗം മൂർച്ഛിച്ചു വരുന്നവരെ ചികിൽസിക്കാൻ സൗകര്യമില്ലാതെ ആശുപത്രികൾ നട്ടം തിരിയുന്നു ലഭ്യമായ ജീവൻരക്ഷാ സൗകര്യങ്ങൾ ആർക്ക് കൊടുക്കണം – അതായത് ജീവിക്കാനുള്ള അവസരം ആർക്ക് കൊടുക്കണം ആർക്ക് നിഷേധിക്കണം എന്ന ഒട്ടും സുഖകരമല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഡോക്ടർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കുന്നു.

ഈ ലോകത്ത് ഏപ്രിൽ മാസം തുടങ്ങുമ്പോൾ നമ്മുടെ മുന്നിൽ നമുക്കിനി രണ്ടു വഴികളുണ്ട്

ഒന്ന് എളുപ്പ വഴിയാണ് ഇന്ന് പതിനായിരത്തിന്റെ മുകളിൽ കേസുകൾ ഉള്ള രാജ്യങ്ങൾ നടന്ന വഴി ഇരുന്നൂറ് നാനൂറും നാനൂറ് നാലായിരവും നാലായിരം പതിനായിരവും ഒക്കെയാവാൻ നാലാഴ്ച പോലും വേണ്ട പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതുമില്ല ഈ ലോക്ക് ഡൌൺ ഒക്കെ ഒരു സർക്കാർ പരിപാടിയാണെന്ന് വിശ്വസിക്കുക അത് നടപ്പിലാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തം ആണെന്ന് കരുതുക എങ്ങനെയും അവരുടെ കണ്ണിൽ പൊടിയിട്ട് പതിവുപോലെ കാര്യങ്ങൾ നടത്തുന്നത് മിടുക്കയി കരുതുക

നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ നമ്മൾ പതിനായിരം കടക്കും പ്രത്യേകിച്ചും കൂടുതൽ ടെസ്റ്റുകൾ ചെയ്യുന്ന സാഹചര്യത്തിൽ പതിനായിരം കടന്നാൽ പിന്നെ എവിടെ എത്തുമെന്ന് ഇന്ന് ലോകത്തിൽ ആർക്കും അറിയില്ല മരണം രണ്ടിൽ നിന്നും ഇരുപതും ഇരുന്നൂറും രണ്ടായിരവും ഒക്കെയുമാകും ആ വഴി നമ്മൾ പോയാൽ ലോകത്തിന് അത് വലിയൊരു സംഭവം ആവില്ല. ഇറ്റലിയിൽ പതിനായിരം ആളുകൾ മരിക്കുന്പോൾ ലക്ഷം പേരുടെ മരണത്തിന് അമേരിക്ക തെയ്യാറെടുക്കുമ്പോൾ കേരളത്തിൽ മരണങ്ങൾ ആയിരം കടന്നാലും അമ്പതിനായിരം തന്നെ എത്തിയാലും ലോകം അത് ശ്രദ്ധിക്കില്ല കൊറോണക്കാലത്തെ സ്റ്റാറ്റിസ്റ്റിക്സ് ആയി അതവസാനിക്കും

പക്ഷെ രണ്ടാമത് ഒരു വഴിയും നമുക്ക് ഇപ്പോൾ നമ്മുടെ മുന്നിലുണ്ട് കേരളത്തിലേക്ക് പുറത്തുനിന്നുള്ള ആളുകളുടെ വരവ് ഏതാണ്ട് പൂർണ്ണമായി തന്നെ അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ വൈറസ് ബാധ ഉള്ളവരെ, അവർക്ക് രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റവും വേഗത്തിൽ തിരിച്ചറിയണം ഐസൊലേറ്റ് ചെയ്യണം രോഗം ഉള്ളവർക്ക് സ്വാന്തനവും മൂർച്ഛിക്കുന്നവർക്ക് ജീവൻ രക്ഷാ പരിചരണവും നൽകണം രോഗം ഉളളവരിൽ നിന്നും ഉണ്ടായിരിക്കാൻ സാധ്യതയുള്ളവരിൽ നിന്നും മറ്റുളളവരെ അകത്തി നിർത്തണം നമ്മൾ ഓരൊരുത്തരും പരമാവധി സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം ലോക്ക് ഡൌൺ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും വിജയിപ്പിക്കുന്നത് സർക്കാരിന്റെ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമായി എടുക്കണം അങ്ങനെ ചെയ്‌താൽ മൊത്തം കേസുകൾ പതിനായിരത്തിനകത്ത് പിടിച്ചു കെട്ടാൻ നമുക്ക് സാധിക്കും.

ഈ കൊറോണയുദ്ധത്തെ മുന്നിൽ നിന്നും നയിക്കുന്ന മുഖ്യമന്ത്രിയുടെ പുറകിൽ നാം ഒറ്റ മനസ്സോടെ അണിനിരന്നാൽ പരിമിതമായ വിഭവങ്ങളും അപരിമിതമായ ആത്മാർത്ഥതയുമുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആശുപത്രിയുടെ പരിമിതിക്കുള്ളിൽ ഈ യുദ്ധം ചെയ്യാനുള്ള അവസരം നമ്മൾ ഒരുക്കിക്കൊടുത്താൽ ഈ യുദ്ധം നമ്മൾ ജയിക്കും

പ്രായമായവരെ ചികിൽസിക്കണോ മരണത്തിന് വിട്ടുകൊടുക്കണോ എന്ന് ഡോക്ടർമാർക്ക് തീരുമാനമെടുക്കേണ്ടി വരുന്ന ലോകത്ത് തൊണ്ണൂറു വയസ്സിന് മുകളിൽ പ്രായമുള്ള കൊറോണ രോഗിയെ കേരളത്തിലെ ആരോഗ്യ സംവിധാനം രക്ഷിച്ചെടുത്തത് ബി ബി സി യിൽ പ്രധാന വാർത്തയാണ് ഈ യുദ്ധം നമ്മൾ ജയിച്ചാൽ ആയിരക്കണക്കിന് മലയാളികളുടെ ജീവൻ മാത്രമായിരിക്കില്ല നാം രക്ഷിച്ചെടുക്കുന്നത് ആരോഗ്യ സംവിധാനങ്ങളുടെ കേരളമാതൃക ലോകം നോക്കിക്കാണുന്ന അവസരം കൂടിയാണ് കൊറോണക്കാലം കഴിയുന്ന ലോകത്ത് വിശ്വസിക്കാൻ കഴിയുന്ന സ്ഥിരതയുള്ള പ്രദേശമായി കേരളം അറിയപ്പെടും കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ലാൻഡ്‌സ്‌കേപ്പ് അത് മാറ്റിമറിക്കും.

ഈ വിജയത്തിനും നമുക്കുമിടക്ക് പുറത്തുനിന്ന് ആരും നിൽക്കുന്നില്ല ഈ യുദ്ധം നാം നമ്മളോട് തന്നെയാണ് ചെയ്യുന്നത് സർക്കാർ ചെയ്യേണ്ട ധാരാളം കാര്യങ്ങളുണ്ട്, ടെസ്റ്റിങ്ങുകളുടെ എണ്ണം കൂട്ടുന്നതും കൂടുതൽ കൊറോണ രോഗികളെ ചികില്സിക്കാനുള്ള സൗകര്യങ്ങർ റെഡി ആക്കുന്നതും, ആരോഗ്യ പ്രവർത്തകർക്ക് ജീവൽഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുന്നതും പൊതുവിലുള്ള ക്രമസമാധാനം നിലനിർത്തുന്നതും ആളുകൾക്ക് ഭക്ഷണത്തിനും മറ്റ് ആരോഗ്യ സംവിധാനത്തിലും ബുദ്ധിമുട്ടുകൾ വരില്ല എന്നതും ഉൾപ്പെടെ അതെല്ലാം അവർ പരിമിതികൾക്കകത്തുനിന്ന് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.

നമ്മൾ ചെയ്യേണ്ടത് ഒറ്റക്കാര്യമേ ഉള്ളൂ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക അത് അനുസരിക്കാത്തവരെ പറഞ്ഞു മനസിസ്സിലാക്കാൻ ശ്രമിക്കുക പരസ്പരം കയറുകളാൽ ബന്ധിച്ച് കൊടുമുടികൾ കയറുന്നവരെ കണ്ടിട്ടില്ലേ എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ് അതിലൊരാൾ വരിതെറ്റിയാൽ എടുത്തു ചാടിയാൽ അതയാളുടെ മാത്രം അന്ത്യമല്ല ആ ഗ്രൂപ്പിൽ എല്ലവരുടെയുമാണ് ഇന്നിപ്പോൾ എല്ലാ മലയാളികളും അത്തരം അദൃശ്യമായ ഒരു ചരടാൽ ബന്ധിക്കപ്പെട്ടിരിക്കയാണ് ഇതിൽ നിന്നും വരിമാറി നടക്കുന്നവർ അതാരാണെങ്കിലും എല്ലാ മലയാളികളുടേയും ജീവനാണ് അപടത്തിലാക്കുന്നത് അവരെ വെട്ടിമാറ്റി സമൂഹത്തെ സംരക്ഷിക്കുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് സാധ്യമല്ല പതിനായിരത്തിലധികം ആളുകളാണ് കഴിഞ്ഞ ഒരാഴ്ചക്കകം ലോക്ക് ഡൌൺ ലംഘിച്ചത്, ഇവരൊക്കെ നമ്മുടെ തന്നെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാണ്.

ഇവരെ കൂടാതെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് എന്താണെന്ന് മനസ്സിലാക്കി പ്രവർത്തിക്കാത്ത എല്ലാവരും പോലീസുകാരും പൊതുപ്രവർത്തകരും ഉൾപ്പടെ ഉള്ളവർ മറ്റുള്ളവരുടെ ഭാവി അപകടത്തിലാക്കുകയാണ് ലോക്ക് ഡൗൺ ആർക്കും സുഖമുള്ള കാര്യമല്ല അത് നടപ്പിലാക്കുന്നവർക്ക് പോലും പക്ഷെ നമ്മുടെ വീട്ടിലും ആളുടെ എണ്ണം കുറയാതിരിക്കണമെങ്കിൽ നമ്മുടെ റോഡുകളിൽ ആളുകളുടെ എണ്ണം കുറക്കാൻ നമ്മൾ ശ്രമിച്ചേ തീരൂ ഇന്ന് നിസ്സാരമായി ചെയ്യുന്ന കൈ കഴുകലും സോഷ്യൽ ഡിസ്റ്റൻസിങ്ങും ഒക്കെ നാളെ രക്ഷിക്കാൻ പോകുന്നത് പതിനായിരങ്ങളെ ആണ് നമ്മുടെ സമൂഹത്തിന്റെ ഭാവിയെ ആണ്

ഇനി ഈ വിഷയത്തിൽ ഒരു മുന്നറിയിപ്പില്ല നമ്മൾ സാമൂഹ്യബോധം ഉള്ളവരാണോ അല്ലയോ എന്നതൊക്കെ അടുത്ത നാലാഴ്ചക്കകം വ്യക്തമാകും കേസുകൾ പതിനായിരം കടക്കുന്ന സാഹചര്യം ഉണ്ടായാൽ വിൽപത്രം എഴുതുന്നതുൾപ്പടെ വ്യക്തിപരമായി എങ്ങനെയാണ് ദുരന്തത്തെ നേരിടാൻ തയ്യാറെടുക്കേണ്ടത് എന്നുള്ള പോസ്റ്റുമായി വരാം മുരളി തുമ്മാരുകുടി

LEAVE A REPLY