ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിക്കാതെ വീണ്ടും തഴഞ്ഞു. ജിതേഷ് ശര്‍മയും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. അഞ്ച് മല്‍സരങ്ങളുടെ പരമ്പര വ്യാഴാഴ്ച വിശാഖപട്ടണത്ത് തുടങ്ങും.
അതേസമയം, മലയാളിതാരം സഞ്ജുസാംസണെ വീണ്ടും സെലക്ഷൻ കമ്മിറ്റി തഴഞ്ഞു. നേരത്തെ ഏഷ്യകപ്പിൽ നിന്നും ലോകകപ്പിൽ നിന്നും തഴയപ്പെട്ട സഞ്ജു ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ ടീമിൽ തിരിച്ചെത്താമെന്ന് കരുതിയിരുന്നെങ്കിലും ഇടം നേടാനായില്ല.
ടീമിലെ സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചിട്ടും ഇന്ത്യയുടെ രണ്ടാം നിര ടീമിൽ പോലും ഇടം പിടിക്കാതെ പോയത് നിർഭാഗ്യകരമാണ്. മാത്രമല്ല, പരമ്പരയിലെ രണ്ടാം മത്സരം സ്വന്തം നാടായ തിരുവനന്തപുരത്ത് നടക്കുമ്പോൾ സഞ്ജു പുറത്തിരുന്ന് കളി കാണേണ്ടിവരും.
നവംബർ 23ന് വിശാഖപട്ടണത്താണ് പരമ്പര ആരംഭിക്കുന്നത്. തിരുവനന്തപുരം, ഗുവാഹത്തി, റായ്പൂർ, ബംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങൾ. റിങ്കു സിങ്, ജയ്സ്വാൾ, ജിതേഷ് ശർമ്മ എന്നിവർ സ്ക്വാഡിൽ ഉണ്ട്. ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാൻ, മുകേഷ് കുമാർ.