വിനായകൻ വിമർശിക്കപ്പെടുന്നത് കളർ കൊണ്ടല്ല, മറിച്ച് കയ്യിലിരുപ്പ് കൊണ്ടാണ്- അഞ്ജു പാർവതി പ്രഭീഷ്

ഇന്നലെ മുതൽ വർമ്മൻ ഫാൻസ്‌ പോലീസിനെതിരെ ആഞ്ഞടിക്കുകയാണ്! കാക്കിക്കുള്ളിലെ സവർണ്ണതയ്ക്കെതിരെ, ബ്രാഹ്മണിക്കൽ ഹെജിമണിക്കെതിരെ ഒക്കെ ആഞ്ഞാഞ്ഞു പ്രതികരിക്കുകയാണ്!! പക്ഷേ അപ്പോഴും ഈ പോലീസ് ഏമാന്മാർക്ക് മുകളിൽ ഒരു വകുപ്പ് ഉണ്ടെന്നും ആ വകുപ്പ് ഭരിക്കുന്നത് കേരളാവ് എന്ന ആടിയുലയുന്ന കപ്പലിനെ പ്രത്യേക ഏക്ഷൻ കൊണ്ട് കൺട്രോൾ ചെയ്യിക്കുന്ന കേപ്റ്റൻ ആണെന്നതും മറന്നുകൊണ്ടാണ്. വിനായകനെ ബഹുമാനിക്കാത്ത പോലീസ് മോശം,

പക്ഷേ സ്റ്റേഷനിൽ വരുന്ന ആളുകളോട് മര്യാദക്ക് പെരുമാറണം എന്ന സുപ്രീം കോടതി വിധി പോലീസുകാരെ കൊണ്ട് അനുസരിപ്പിക്കാത്ത കേപ്റ്റൻ ജോർ എന്നതാണ് അന്തംസ് നിലപാട്. വെറുതെ വീട്ടിൽ കിടന്ന് ഉറങ്ങിയ വിനായകനെ ഒരു ടൈംപാസ്സിന് സ്റ്റേഷനിൽ കൊണ്ട് പോയതല്ല പോലീസ്. അയാളുടെ വീട്ടിൽ മഫ്റ്റിയിൽ പോലീസ് വന്നതും ജയിലർ പെർഫോമൻസ് കണ്ട ഫാൻഷിപ്പ് കൊണ്ടും അല്ല. അതിന് വ്യക്തമായ കാരണം ഉണ്ടായിട്ട് തന്നെയാണ്. പക്ഷേ അത് ആരും ചർച്ച ചെയ്യുന്നില്ല.

വിനായകൻ എന്ന പാൻ ഇന്ത്യൻ നടനെ ബഹുമാനിക്കെടോ പോലീസേ എന്ന് ഫാൻസ്‌ ആർത്തുവിളിക്കുകയാണ്. അയാൾ മേലിൽ എന്ത്‌ തോന്നിവാസം കാണിച്ചാലും അത് ചോദ്യം ചെയ്യാൻ പാടില്ല എന്ന തിട്ടൂരം കൂടിയാണ് അത്. ദളിതൻ ആയ വിനായകൻ, കറുത്തവൻ ആയ വിനായകൻ, ഇത്തരം ലേബൽ ചാർത്തി മികച്ച നടനായ ആ മനുഷ്യനെ സത്യത്തിൽ അപമാനിക്കുന്നത് ഇടത് ലിബറൽസ് ആണ്. ഇല്ലാത്ത ജാതി ബോധം ഉയർത്തിക്കാട്ടി അവരെ എന്നും കോംപ്ലക്സ് ഉള്ളവർ ആക്കി മാറ്റി അകറ്റി നിറുത്തിക്കുന്ന അടവ് നയം മാത്രമാണത്. വിനായകൻ വിമർശിക്കപ്പെടുന്നത് കളർ കൊണ്ടല്ല, മറിച്ച് കയ്യിലിരുപ്പ് കൊണ്ടാണ് എന്ന് അറിയാഞ്ഞിട്ടല്ല.

അയാളുടെ പ്രവൃത്തിക്ക് കയ്യടി കിട്ടാത്തത് അയാൾ ദളിതൻ ആയത് കൊണ്ടല്ല, മറിച്ച് തല്ലുക്കൊള്ളിത്തരം കൊണ്ടാണെന്ന് അറിയാഞ്ഞിട്ടുമല്ല. അയാളെ തിരുത്തി, അയാളുടെ ലഹരിയോടുള്ള ആസക്തിയെ മാറ്റി, അയാളെ പോലൊരു പാൻ ഇന്ത്യൻ നടൻ ബീഹേവ് ചെയ്യേണ്ടത് ഈ രീതിയിൽ അല്ല എന്ന തിരിച്ചറിവ് കൊടുക്കുന്നതിനു പകരം ലഹരിക്ക് അടിമയായി എന്ത്‌ തോന്ന്യാസം കാണിച്ചാലും ജാതികാർഡ് എടുത്തു കാട്ടി നിന്നെ പിന്തുണയ്ക്കാൻ ഞങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് അയാളിലെ നടനെ, കലാകാരനെ ഇല്ലാതെയാക്കും ഈ ഫാൻസ്‌ കൂട്ടം. കഷ്ടം!!

ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്. അതുകൊണ്ടാണ് “വരേണ്യ സങ്കൽപ്പങ്ങളുടെ മുന്നിൽ ഇങ്ങനെ നെഞ്ച് വിരിച്ചു നിന്നതിനാണ് വിനായകൻ പലർക്കും അപ്രിയൻ ആയത്, അവരാരും ഈ നിൽപ്പ് കണ്ടു ഇന്ന് ഉറങ്ങില്ല. സവർണ ജാതിബോധത്തിന്റെ മുഖത്തേറ്റ അടിയാണ് വിനായകൻ്റെ ജയിലർ.”എന്ന നരേറ്റീവുകൾ ഇവിടെ ഹൗസ്ഫുള്ളായി ഓടിയത്. ഇപ്പോഴും അത് തന്നെ എടുത്ത് ഓടിക്കുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ ഒരു മനുഷ്യൻ സ്കോളർഷിപ്പ് വാങ്ങി ലണ്ടനിൽ പോയി പഠിച്ചു. പിന്നീട് അദ്ദേഹം പല പല രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിച്ചു. അതുകഴിഞ്ഞ് അദ്ദേഹം എംപിയായി. പിന്നീട് ഇന്ത്യയുടെ ഒരു പൗരന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയായ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രസിഡന്റായി.അതേ, ആ മനുഷ്യൻ ഉഴവൂരിന്റെ സ്വന്തം കെ ആർ നാരായണൻ എന്ന ആദരണീയ വ്യക്തിത്വം. ആ മനുഷ്യൻ ഇങ്ങനെ രാജ്യത്തിന്റെ പ്രഥമപൗരനായി നെഞ്ചും വിരിച്ചു നിന്നപ്പോൾ വരേണ്യ സങ്കൽപ്പങ്ങളുടെ മുന്നിൽ ഇങ്ങനെ നെഞ്ച് വിരിച്ചു നിന്നവൻ എന്ന നരേഷൻ ആരും ഇറക്കിയില്ല.

കാരണം ഒരു മനുഷ്യൻ നേടി എടുക്കുന്ന സ്ഥാനത്തെ, പദവിയെ ഒക്കെ അളക്കേണ്ടത് അയാളിലെ ക്വാളിറ്റി കൊണ്ടുമാത്രമാണ്, അല്ലാതെ ജാതീയത കൊണ്ടല്ല എന്ന മിനിമം ബോധം ഉള്ളത് കൊണ്ട്. വിനായകൻ എന്ന വ്യക്തിക്കെതിരെ ആദ്യമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് സ്വന്തം ചേരിയിൽ നിന്ന് തന്നെയായിരുന്നു. മീ ടു വിവാദങ്ങൾ കത്തിനിന്ന കാലഘട്ടത്തിൽ അയാൾക്കെതിരെ കടുത്ത ആരോപണവുമായി വരുന്നത് ദളിത്‌ ആക്റ്റിവിസ്റ്റ് ആയൊരു സ്ത്രീയാണ്.

വിനായകൻ അവർക്കെതിരെ നടത്തിയ വെർബൽ അബ്യൂസ് ആയിരുന്നു വിവാദ വിഷയം. പിന്നീട് ഇതേ മനുഷ്യൻ ആണധികാരവ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള ‘ഒരുത്തീ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ പങ്കെടുത്തുക്കൊണ്ട് ഏറ്റവും മോശമായ ഒരു പരാമർശം നടത്തി. രുചിയുള്ള ഭക്ഷണ വസ്തുക്കൾ കാണുമ്പോൾ അത് ആസ്വദിക്കാൻ കൊതിയൂറുന്നത് പോലെ പെൺശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാൾ മുന്നിലിരിക്കുന്ന ജേർണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതിൽ ആർക്കും സ്ത്രീവിരുദ്ധത തോന്നിയില്ല.

പിന്നീട് ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ആവശ്യം ഇല്ലാത്ത പരാമർശം . ഇപ്പോൾ ഇതാ ഒടുവിൽ ഈ പോലീസ് സ്റ്റേഷൻ വിവാദവും. ഇതെല്ലാം എടുത്ത് കാണിക്കുന്നുണ്ട് ഒരു വ്യക്തിയെന്ന നിലയിൽ മെറിറ്റ് ഒട്ടും അവകാശപ്പെടാൻ ഇല്ലാത്ത മനുഷ്യൻ ആണ് വിനായകൻ എന്ന്. വിനായകൻ തുറന്നു വിട്ട തൻ്റെ ലിബറൽ നീല മനസ്സ് കം നീല ചടയൻ ഗ്രാമഭാഷകൾ ഇവിടെ വിഷയം ആവാത്തത് അയാളൊരു ലെഫ്റ്റ് പുരോഗമനവാദിയായ സിനിമാനടൻ ആയതിനാൽ മാത്രമാണ്. ഈ പോലീസ് സ്റ്റേഷൻ വിവാദത്തിൽ പോലും കാണുന്നത് അയാൾ എന്ത്‌ കൊണ്ട് അവിടെ എത്തിപ്പെട്ടു എന്നല്ല.


പറച്ചിൽ കേട്ടാൽ തോന്നുക അയാളുടെ ബ്രാഹ്മണ സമുദായത്തിലുള്ള ഭാര്യയുടെ ജാതി നോക്കി പോലീസ് അവരുടെ ഭാഗത്ത്‌ നില്ക്കുന്നു എന്നാണല്ലോ. അപ്പോൾ ആ സ്ത്രീക്ക് നീതി വേണ്ടേ? നാളെ ഇതേ വിനായകൻ ആ സ്ത്രീയെ മറ്റേതെങ്കിലും വിധത്തിൽ ഉപദ്രവിച്ചാലും പോലീസ് കൈകെട്ടി മിണ്ടാതെ നിൽക്കണം എന്നാണോ? അപ്പോൾ പിന്നെ വെളുപ്പിക്കൽ കം വെറുപ്പിക്കൽ നടക്കട്ടെ! വിനായകൻ എന്ന നടൻ അഭിനയകലയിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ!! ഒപ്പം വ്യക്തിജീവിതത്തിൽ എന്നും പിഴവായി നില്ക്കുന്ന അയാളുടെ സംസാര ശൈലിയും ഭാഷയും ജീവിതശൈലിയും കൂടി നന്നാക്കട്ടെ!!!അപ്പോൾ മാത്രമേ അയാൾ ഒരു മികച്ച കലാകാരൻ/ വ്യക്തി ആവുന്നുള്ളൂ!!

Be the first to comment

Leave a Reply

Your email address will not be published.


*