മര്യാദയ്ക്ക് ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ശബ്ദമുയര്‍ത്തി… ‘വല്ല്യ നടിയാണല്ലോ, ഞാൻ വേണമെങ്കിൽ അപ്പുറത്തിരിക്കാം, നീ വേണമെങ്കിൽ ഇവിടെ ഇരുന്നോ, നടിയുടെ അടുത്ത് ഞാനിരിക്കണോ’ എന്ന രീതിയിലായിരുന്നു സംസാരം. വളരെയധിക അപമാനിക്കപ്പെട്ടു.. – ദിവ്യപ്രഭ

in post

വിമാനത്തില്‍ വച്ചുണ്ടായ മോശം അനുഭവത്തില്‍ സഹയാത്രികനെതിരെ പരാതി നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി നടി ദിവ്യ പ്രഭ രം​ഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. താന്‍ പരാതി പറഞ്ഞിട്ടും

എയര്‍ ഇന്ത്യ ജീവനക്കാരില്‍ നിന്ന് നടപടിയുണ്ടാകാതിരുന്നതിനാലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് ദിവ്യ പ്രഭ പറഞ്ഞത്. അപരിചിതരായ ആളുകളുടെ അടുത്ത് പെരുമാറുമ്പോള്‍ ഒരു പരിധിയുണ്ട്. അത് ലംഘിക്കപ്പെട്ടെന്നും ദിവ്യ പ്രഭ കൂട്ടിച്ചേര്‍ത്തു.

ദിവ്യ പ്രഭയുടെവാക്കുകള്‍
12എയിലായിരുന്നു എന്റെ സീറ്റ്, വിന്‍ഡോ സീറ്റായിരുന്നു. എനിക്ക് ആ സീറ്റിലേക്ക് കടന്ന് ഇരിക്കാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ നില്‍ക്കുകയായിരുന്നു. ഒന്നുമാറിത്തന്നാല്‍ ഇരിക്കാമായിരുന്നു എന്ന് ഞാന്‍ അയാളോട് പറയുന്നുണ്ട്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി. വളരെ മോശമായ ലുക്കും ചേഷ്ടകളുമായിരുന്നു അയാളുടേത്.

12 എ ആണ് എന്റെ സീറ്റ് എന്ന് എനിക്ക് അയാളെ പറഞ്ഞു മനസിലാക്കേണ്ടിവന്നു. 12 ബിയിലാണ് അയാള്‍ ഇരുന്നത്. അയാള്‍ കൃത്യമായിട്ടായിരുന്നില്ല അയാളുടെ സീറ്റില്‍ ഇരുന്നത്. അതിനാല്‍ എനിക്കും എന്റെ സീറ്റില്‍ ശരിക്ക് ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ പേരും പ്രൊഫഷനും ചോദിച്ചു. എന്റെ പേര് ഗൂഗിളില്‍ ടൈപ്പ് ചെയ്തിട്ട് എന്റെ ഒരു ഫോട്ടോ എടുത്ത് എന്നെ തന്നെ കാണിച്ചിട്ട് ഇതുപോലെ അല്ലല്ലോ നിങ്ങള്‍ ഇരിക്കുന്നത് എന്ന് പറഞ്ഞു.

സിനിമ നടിയാണ് എന്ന് മനസിലാക്കി കഴിഞ്ഞപ്പോള്‍ അയാളുടെ അടുത്തിരുന്ന സുഹൃത്തിന്റെ അടുത്ത് പരിഹാസത്തോടെ അയാള്‍ എന്നെക്കുറിച്ചു പറഞ്ഞു, ‘വല്യ നടിയാണല്ലോ, ഞാന്‍ വേണമെങ്കില്‍ അപ്പുറത്ത് ഇരിക്കാം. നീ ഇരുന്നോ, നടിയുടെ അടുത്തൊക്കെ ഞാന്‍ ഇരിക്കണോ’ എന്ന രീതിയിലായിരുന്നു അയാളുടെ വര്‍ത്തമാനം. എന്നെയും എന്റെ പ്രൊഫഷനേയും അപമാനിക്കുന്നതായാണ് എനിക്ക് തോന്നിയത്. അയാള്‍ സുഹൃത്തിനോട് സംസാരിക്കുമ്ബോള്‍ എന്റെ ഭാഗത്തേക്ക് ചാഞ്ഞാണ് സംസാരിക്കുന്നത്.

അയാള്‍ എന്റെ ശരീരത്തില്‍ തട്ടുന്നുണ്ട്. ആദ്യം തട്ടിയപ്പോള്‍ ഞാന്‍ മിണ്ടിയില്ല. വീണ്ടും തട്ടിയപ്പോള്‍ ഞാന്‍ അയാളോട് മര്യാദയ്ക്ക് ഇരിക്കാന്‍ പറഞ്ഞു. നിന്നെ ഞാന്‍ എപ്പോഴാണ് തൊട്ടത്, ഇവളെ ഞാന്‍ തൊട്ടിട്ടൊന്നുമില്ല എന്ന് പറഞ്ഞ് ശബ്ദം ഉയര്‍ത്തി. വളരെ മോശമായ പെരുമാറ്റമായിരുന്നു. പിന്നെ എനിക്ക് കംഫര്‍ട്ടബിളായി ഇരിക്കാന്‍ പറ്റിയിട്ടില്ല. അപ്പോഴാണ് ഞാന്‍ എയര്‍ ഹോസ്റ്റസിനോട് പോയി പറയുന്നത്.

സ്റ്റാഫ് വന്നിട്ട് എന്നെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയാണ് ചെയ്തത്. ആ സീറ്റില്‍ ഇരുന്നതില്‍ പിന്നെ എനിക്ക് സമാധാനമുണ്ടായിട്ടില്ല. നമ്മുടെ സ്വന്തം സീറ്റില്‍ കംഫര്‍ട്ടബിളായി ഇരുന്നുപോകാനുള്ള അവകാശം എല്ലാ മനുഷ്യന്മാര്‍ക്കുമുള്ളതുപോലെ എനിക്കുമുണ്ടല്ലോ. അയാള്‍ മോശമായി പെരുമാറിയതിന് എന്നെയാണ് മാറ്റിയത്. അത് എന്നെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി.

എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഞാന്‍ ഒരു ഉദ്യോഗസ്ഥനോട് ഇതേക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു. ആ സമയത്ത് അയാളുടെ കുറച്ചു സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക് വന്ന് സംഭവിച്ചതില്‍ സോറി പറയുന്നുവെന്ന് പറഞ്ഞു. അയാള്‍ മദ്യപിച്ചിരുന്നെന്നും ആ സീറ്റില്‍ ഇരിക്കേണ്ട എന്ന് അവര്‍ പറഞ്ഞിട്ടും അയാള്‍ കേട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്. 12 ബി ആയിരുന്നില്ല അയാളുടെ സീറ്റ്, മറ്റൊരു സുഹൃത്തിന്റെ സീറ്റിലാണ് ഇയാള്‍ ഇരുന്നതെന്നും അവര്‍ പറഞ്ഞു.

ALSO READ അഭിനയം നിർത്താൻ ഒരു കാരണം ഉണ്ടായിരുന്നു !! ജയറാം ഇപ്പോഴും എൻ്റെ അടുത്ത സുഹൃത്താണ് ! സുനിത പറയുന്നു

എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനോട് എയര്‍പോര്‍ട്ടില്‍ വച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. എന്ത് നടപടിയാണു എടുക്കാന്‍ പറ്റുക എന്ന് ചോദിച്ചു. അയാളുടെ നിര്‍ദേശപ്രകാരം പൊലീസ് എയ്ഡ് പോസ്റ്റില്‍ പോയി സംസാരിച്ചു. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഈ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ ഞാന്‍ പരാതി കൊടുക്കാന്‍ തീരുമാനിക്കില്ലായിരുന്നു.

നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മെയിലില്‍ പരാതി അയച്ചു. നെടുമ്പശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികരണമുണ്ടായി. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. യാത്ര ചെയ്യുന്ന സമയത്ത് അപരിചിതരായ ആളുകളോട് പെരുമാറേണ്ട ഒരു പരിധിയുണ്ട്. അയാള്‍ ആ പരിധി വിട്ടു. അതുകൊണ്ടാണ് എനിക്ക് പരാതി നല്‍കേണ്ടിവന്നത്.

Leave a Reply

Your email address will not be published.

*