കോട്ടയം അയ്മനം കുടയംപടിയിൽ കഴിഞ്ഞ ദിവസം വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി വ്യവസായിയുടെ ഭാര്യയും മകളും രംഗത്ത്. ബാങ്കിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ് ഗൃഹനാഥൻ ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം.
കോട്ടയം അയ്മനം കുടയമ്പാടിയിലെ വ്യാപാരി 50 കാരനായ ബിനു എന്നയാളാണ് ഇന്നലെ ഉച്ചയോടെ ജീവനൊടുക്കിയത്. കുടയമ്പാടി ജങ്ഷനിൽ ചെരുപ്പ് കട നടത്തിവരികയായിരുന്നു ബിനു. കർണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയാണ് ബിനുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഭാര്യയും മകളും പറഞ്ഞു.
രണ്ട് മാസത്തെ തവണ തുക നൽകാത്തതിനെ തുടർന്ന് ബാങ്ക് ജീവനക്കാരൻ പലതവണ കടയിൽ കയറി ഭീഷണിപ്പെടുത്തിയതായി ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്ക് ജീവനക്കാരനായ പ്രദീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. താൻ മ, രിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനായിരിക്കുമെന്ന് ബിനു പറഞ്ഞതായി മകൾ നന്ദനയും വെളിപ്പെടുത്തി.
കടയുടെ ആവശ്യത്തിനായി ബിനു അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. ഇതിനുമുമ്പ് ബിനു ഇതേ ബാങ്കിൽ നിന്ന് രണ്ടുതവണ വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്നു. പ്രതിമാസം 14000 രൂപയാണ് അടയ്‌ക്കേണ്ടത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടയ്ക്കാൻ സാധിച്ചില്ല. ബാങ്ക് ജീവനക്കാരൻ കടയിൽ വന്ന് സ്ഥിരമായി ബിനുവിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് ഭാര്യയും മകളും പറഞ്ഞു.
കടയിൽ നിന്ന് ബലം പ്രയോഗിച്ച് പണമെടുക്കുന്ന സാഹചര്യവും ഉണ്ടായതായി ഇവർ പറയുന്നു. എല്ലാ ദിവസവും ബാങ്കിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ കടയിൽ വരുമായിരുന്നു. ബിനുവിന് ബാങ്ക് ജീവനക്കാരെ ഭയമായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു. ബിനുവിന് രണ്ട് പെൺമക്കളാണുള്ളത്.
ബാങ്കിനെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ബാങ്കിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. തിരിച്ചടവ് മുടങ്ങിയാൽ അതിനുള്ള സമയം അനുവദിക്കണമെന്ന RBIയുടെ നിർദേശം നിലവിലിരിക്കെയാണ് ബാങ്കുകളുടെ ഇതുപോലുള്ള നീചപ്രവർത്തിയെന്ന് നാട്ടുകാർ പ്രതികരിച്ചു.
ബിനു തന്റെ വിഷമങ്ങൾ ഒന്നും അടുത്തുള്ളവരോടോ കൂട്ടുകാരോടോ പറഞ്ഞിരുന്നില്ല. ഇതുപോലൊരു പ്രതിസന്ധി ഉള്ളകാര്യം ഞങൾ അറിഞ്ഞിരുന്നെങ്കിൽ അവന്റെ കൂടെ നിന്ന് സഹായിക്കുമായിരുന്നെന്നും അവർ പറഞ്ഞു.
കടപ്പാട്..