
മിനി സ്ക്രീൻ റിയാലിറ്റി ഷോയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആവണി എന്ന കൊച്ചു മിടുക്കി. കഴിഞ്ഞ ദിവസം ലിയോ സിനിമയിലെ പാട്ടിന് ചുവടുവക്കുന്ന വീഡിയോ ആവണി പങ്കിട്ടിരുന്നു. ഇപ്പോളിതാ അതിനു താഴെ വന്ന ഒരു സ്ത്രീയുടെ കമന്റിനെക്കുറിച്ച് വേദനയോടെ പറയുകയാണ് ആവണിയുടെ അമ്മ.
ആ വീഡിയോയിൽ വളരെ മാന്യമായിട്ടാണ് എന്റെ മകൾ വസ്ത്രം ധരിച്ചത്. ഉള്ളിൽ ഒരു പെറ്റിക്കോട്ടും, അതിന്റെ മുകളിൽ ടോപ്പും ധരിച്ചാണ് ഡാൻസ് വീഡിയോ ചെയ്തത്. അതിനെ താഴെയാണ് ‘പുന്നാര പെണ്ണിന് ഒരു ബ്രാ വാങ്ങിച്ചുകൊടുക്ക്’ എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്നത്.
പത്ത് വയസ്സിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ ശരീരത്തിൽ മാറ്റം വരുന്നത് സ്വാഭാവികമാണ്. അത് എനിക്കും എന്റെ അമ്മയ്ക്കും കമന്റിട്ട സ്ത്രീക്കും അവരുടെ മക്കൾക്കും വന്നിട്ടുണ്ടാവും. അവൾ കളിച്ച ഡാൻസ് നോക്കുന്നതിന് പകരം, എന്റെ മകളുടെ വളരുന്ന മാറിലേക്കാണ് അവരുടെ കണ്ണുകൾ പോയത്
എന്ന് പറയുമ്പോൾ ആവണിയുടെ അമ്മ കരയുകയായിരുന്നു. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ പെൺകുട്ടികളെ മാനസികമായി ബാധിയ്ക്കുന്ന ഘട്ടമാണിത്. എനിക്കൊക്കെ ചെറുപ്പത്തിൽ അത്തരം പ്രയാസങ്ങൾ ഉണ്ടായിരുന്നു. ആവശ്യമില്ലാത്തത് എന്തോ ശരീരത്തിൽ വളർന്നു വരുന്നു എന്ന പേടിയിൽ ചെറുപ്പത്തിൽ
ഷാൾ കൊണ്ടും മുടി കൊണ്ടും എല്ലാം മറച്ചുവയ്ക്കാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. എന്റെ അമ്മ നൽകിയ മോട്ടിവേഷനാണ് അതിൽ നിന്നും പുറത്തു കടക്കാൻ സഹായിച്ചത്. അത്തരം അവസ്ഥ എന്റെ മകൾക്ക് വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതിനിടയിൽ ഇത്തരം കമന്റുകൾ അവളെ വേദനിപ്പിക്കും എന്ന് അമ്മ പറയുന്നു.
Leave a Reply