മീശമാധവനിലെ പട്ടാളം പുരുഷു, പത്രത്തിലെ അരവിന്ദൻ, മറവത്തൂർ കനവിലെ കുട്ടപ്പായി, മേലേപറമ്പിലെ അണ്ണൻ എന്നിങ്ങനെ എത്രയോ കഥാപാത്രങ്ങൾ…. ചിലപ്പോൾ ജെയിംസ് ചാക്കോ എന്ന പേര് പലർക്കും സുപരിചിതമായിരിക്കില്ല, അതിനേക്കാൾ സുപരിചിതം ജെയിംസ് ചാക്കോ സ്ക്രീനിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെയാവാം.
ആ കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളികളുടെ മനസ്സിൽ ലൈവായി നിൽക്കുന്നതുകൊണ്ടു തന്നെയാവാം ജെയിംസ് ചാക്കോ ഇന്ന് ഈ ലോകത്തില്ലെന്ന കാര്യം സിനിമാസ്വാദകർ വിസ്മരിച്ചുപോവുന്നത്. . ജെയിംസ് ചാക്കോയുടെ ജന്മവാർഷിക ദിനത്തിൽ മകൻ ജിക്കു ജെയിംസ് ഫെയ്‌സ്ബുക്ക് സിനിമാഗ്രൂപ്പിൽ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്.
അപ്പൻ ലോകത്തോട് വിട പറഞ്ഞിട്ട് 16 വർഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോഴും ഇപ്പോഴും ഞെട്ടുന്നവർ ഉണ്ട് എന്നാണ് മകൻ പറയുന്നത്. മൂന്ന് പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്ന ജെയിംസ് ചാക്കോ 150ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജിക്കു ജെയിംസിന്റെ കുറിപ്പ്:
ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ.
ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. ലവ് യു അപ്പാ.