നിന്റെ അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്: അച്ചു ഉമ്മനോട് പ്രിയ കുഞ്ചാക്കോ

സമീപകാലത്ത് ചർച്ചകളിലും ട്രോളുകളിലും വിമർശനങ്ങളിലും ഇടംപിടിച്ച ആളാണ് അച്ചു ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അച്ചുവിനെതിരെ നടന്ന സൈബർ ആക്രമണങ്ങൾ വൻ തോതിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ഫാഷനുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന അച്ചു, ലക്ഷങ്ങള്‍ വിലയുള്ള അൾട്രാ ലക്ഷ്വറി ബ്രാന്റുകൾ ഉപയോ​ഗിക്കുന്നു എന്നെല്ലാം ആരോപണങ്ങൾ ഉയർന്നു.

ഇവയോട് ശക്തമായി തന്നെ പ്രതികരിച്ചും ചിലതൊക്കെ കണ്ടില്ലെന്ന് നടിച്ചും അച്ചു തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തന്റെ ഫാഷൻ ലോകത്തേക്ക് തിരിച്ച് പോയിരിക്കുകയാണ് അച്ചു. ഈ അവസരത്തിൽ അച്ചുവിനെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ ഭാ​ര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് താഴെ കമന്റായാണ് പ്രിയ, അച്ചുവിനെ കുറിച്ച് പറഞ്ഞത്. ഓരോ കാര്യങ്ങൾക്കും അച്ചു എടുക്കുന്ന അർപ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുണ്ട് ഒരാളണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു. “എന്റെ അച്ചുമോൾ..എന്റെ പ്രചോദനം..

നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല..ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്.

വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ.. ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാൻ സ്നേഹിക്കുന്നു സഹോദരി..”, എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്. പ്രിയയുടെ കമന്റിന് മറുപടിയുമായി അച്ചു ഉമ്മനും രം​ഗത്തെത്തി.

“എപ്പോഴും എന്നിൽ വിശ്വസിക്കുന്നതിന് ഒരുപാട് നന്ദി എന്റെ സഹോദരി”, എന്നാണ് അച്ചു കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്ത് എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദവും ബന്ധവും കാത്തു സുക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും കുടുംബവും.

Be the first to comment

Leave a Reply

Your email address will not be published.


*