അന്യമതത്തിൽപെട്ട ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയ ഫാത്തിമയുടെ ഖബറടക്കം കലൂർ കറുകപ്പള്ളി ജുമാ മസ്ജിദിൽ നടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചടങ്ങുകൾ നടന്നത്. വൈറ്റിലയിലുള്ള മാതാവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഉച്ചയോടെ കലൂരിൽ എത്തിക്കുകയായിരുന്നു.
അന്യമതത്തിൽ പെട്ട ആൺകുട്ടിയുമായുള്ള മകളുടെ ബന്ധം അറിഞ്ഞ പിതാവ് മകളുടെ മൊബൈൽ ഫോൺ വാങ്ങി വെയ്ക്കുകയും. ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും ഫാത്തിമ ആൺകുട്ടിയുമായുള്ള ബന്ധം തുടർന്നതോടെ പിതാവ് അബീസ് മകളെ ക്രൂരമായി മർദിക്കുകയും ബലമായി കീടനാശിനി കുടിപ്പിക്കുകയുമായിരുന്നു.
കീടനാശിനി കുടിച്ചതിന് പിന്നാലെ ഫാത്തിമ അത് തുപ്പി കളയാൻ ശ്രമിച്ചിരുന്നു. എന്നാൽ മുഴുവനായി തുപ്പി കളയാൻ ഫാത്തിമയ്ക്ക് ആയില്ല. കീടനാശിനി ഉള്ളിൽ ചെന്നതോടെ ഛർദിക്കുകയും അവശയാകുകയും ചെയ്ത ഫാത്തിമയെ സമീപവാസികൾ ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. പിതാവ് അബീസ് കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഫാത്തിമ ആശുപത്രിയിൽ എത്തിയ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നത്.
ഒക്ടോബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീടനാശിനി ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമ ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയുകയും ഇക്കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെടുകയുമായിരുന്നു. മാതാവിനേയും,സഹോദരനേയും വീട്ടിൽ നിന്നും പുറത്താക്കിയതിന് ശേഷമാണ് ഫാത്തിമയെ അബീസ് വിഷംകുടിപ്പിച്ചത്. മകളെ കൊലപ്പെടുത്താൻ തന്നെയായിരുന്നു ഇയാളുടെ ഉദ്ദേശമെന്ന് എഫ്‌ഐആറിൽ പറയുന്നു.
Leave a Reply