മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രീയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. അതുപോലെ തന്നെ പ്രേക്ഷകർ അപ്രതീക്ഷിതമായി കേട്ടൊരു വിവാഹ വാർത്തയായിരുന്നു ഇവരുടേത്.
2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരാകുന്നത്. വിവാഹത്തിന് മുന്‍പേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദര്‍ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒരേ ഫ്‌ളാറ്റിന് താഴെയും മുകളിലുമായി താമസിക്കാൻ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.
പിന്നീട് ഇരുവരും വിവാഹിതരാവുകയും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുകയുമായിരുന്നു. ഇപ്പോൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്.
കല്യാണിയും ഇവർക്ക് ഒപ്പമാണ് താമസം. മുൻപ് പലപ്പോഴും തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും സംസാരിച്ചിട്ടുണ്ട്. ബിന്ദു പണിക്കരെ ജീവിതത്തിലേക്ക് കൂട്ടാനെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അവരോടൊപ്പമുള്ള ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നും
അടുത്തിടെ ഒരു അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞിരുന്നു. ആദ്യ ഭർത്താവിന്റെ വേർപാടിന് ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തത്. അതേസമയം തങ്ങൾക്ക് പരസ്‌പരം സ്പാർക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് പറയുകയാണ് സായ് കുമാർ ഇപ്പോൾ.

കൗമുദി മൂവീസിന് നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘ഞങ്ങൾക്ക് അങ്ങനെ റൊമാന്റിക് സ്പാർക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകൾ

ചേർന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതിൽ ഉരച്ച് തീ വന്നതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങൾ വിചാരിച്ചു.

അത്രയേ ഉള്ളൂ’, സായ് കുമാർ പറഞ്ഞു. വീട്ടിലെ ചില രസകരമായ വിശേഷങ്ങളും ഇരുവരും അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. സായ് കുമാർ നല്ലൊരു കുക്കാണെന്ന് ബിന്ദു പണിക്കർ പറഞ്ഞു. ഇടക്ക് ഭക്ഷണമൊക്കെ ഉണ്ടാകും. വീട്ടിൽ മൂന്ന് പേർക്കും കുക്കിങ് ഇഷ്ടമാണ്.

കല്ലുവിന് (മകൾ കല്യാണി) ആയാലും എനിക്കായാലും സായ് ചേട്ടന് ആണെങ്കിലും അങ്ങനെ തന്നെ. ഞാൻ സമയം കളയുന്നത് തന്നെ കുക്കിങ് ചെയ്താണ്. സായ് ചേട്ടൻ നന്നായി പായസം വയ്ക്കും. അടപ്രഥമനൊക്കെ നന്നായിട്ട് ഉണ്ടാകും. എന്റെ കണ്ണിന് സർജറി കഴിഞ്ഞിരുന്ന സമയത്ത്

വീട്ടിലെ പാചകം മുഴുവൻ ചേട്ടൻ തന്നെ ആയിരുന്നു, ബിന്ദു പണിക്കർ പറഞ്ഞു. ‘എനിക്ക് ഏഴ് സഹോദരിമാരാണ്. അവർക്ക് ഇടയിലാണ് ഞാൻ വളർന്നത്. അതുകൊണ്ട് സ്വാഭാവികമായും അടുക്കളയുമായി ബന്ധം വരുമല്ലോ. എനിക്ക് ചില സംശയങ്ങൾ വരും.

അത് ഇത്രയും മതിയോ ഇത് ഇത്രയും മതിയോ എന്നൊക്കെ. അപ്പോൾ ഇവളോട് ചോദിക്കും’, സായ് കുമാർ പറഞ്ഞു. മകൾ കല്യാണിയും ഇവർക്കൊപ്പം അഭിമുഖത്തിൽ ഉണ്ടായിരുന്നു. സ്ട്രിക്ടാണോ അച്ഛൻ എന്ന ചോദ്യത്തിന് അത്ര സ്ട്രിക്റ്റ് അല്ലെന്നാണ് കല്യാണി
നൽകിയ മറുപടി. ‘ഞങ്ങൾ അച്ഛൻ, അമ്മ, മകൾ എന്ന രീതിയിൽ ഒന്നുമല്ല. സുഹൃത്തുക്കളെ പോലെയാണ്. മകൾ കേൾക്കാൻ പാടില്ലാത്ത ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല. ഇത് പറയാൻ പാടില്ലെന്നോ അത് മോൾ കേൾക്കാൻ പാടില്ലെന്നോ ഒന്നുമില്ല’, സായ് കുമാർ വ്യക്തമാക്കി.