
സ്‌റ്റേഷനില്‍ കൊണ്ട് വന്ന അതിഥി തൊഴിലാളിയുടെ നാലു മാസം പ്രായമുള്ള കുരുന്ന് വിശന്നു കരഞ്ഞപ്പോള്‍ പോലീസുകാരിയായ ആര്യയിലെ അമ്മയ്ക്ക് അത് സഹിക്കാനാകുന്ന കാഴ്ചയായിരുന്നില്ല. തന്റെ കയ്യിലിരുന്നു മുലപ്പാലിനായി കരയുന്ന ഈ കുഞ്ഞും വീട്ടിലുള്ള സ്വന്തം കുഞ്ഞിനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ
എം.എ.ആര്യയ്ക്കു തോന്നിയതേയില്ല. യൂണിഫോമിന്റെ കുടുക്കഴിച്ചു കുഞ്ഞിന്റെ ചൂണ്ടിലേക്കു മുലപ്പാല്‍ ഇറ്റിക്കാന്‍ പിന്നെ വൈകിയില്ല. വിശപ്പടങ്ങിയ കുരുന്ന്, ആര്യയോടു പറ്റിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടത് പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നവരുടെയും മനസ് നിറക്കുന്ന കാഴ്ചയായിരുന്നു. ഇന്നലെയാണു അതിഥിത്തൊഴിലാളികളുടെ മകളായ നാലുമാസക്കാരി അപ്രതീക്ഷിതമായി
പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കുഞ്ഞുങ്ങളുടെ അച്ഛന്‍ ജയിലിലാണ്. ഹൃദ്രോഗിയായ മാതാവിനെ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചതോടെ വിവരം ആശുപത്രി അധികൃതര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.തുടര്‍ന്നാണ് എസ്‌ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി
നാലുമാസക്കാരിയുടെയും മൂത്ത 3 കുട്ടികളുടെയും താല്‍ക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാര്‍ ഏറ്റെടുത്തത്. കുഞ്ഞുങ്ങളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു 3 മാസം മുന്‍പാണു തിരികെ ജോലിയില്‍ പ്രവേശിച്ചത്. സ്വന്തം കുഞ്ഞിന് 9 മാസം പ്രായം.
Leave a Reply