
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ ചലനങ്ങൾ സൃഷ്‌ടിച്ച താരമാണ് ഷക്കീല. തമിഴ്‌നാട്ടിലെ മുസ്ലീം കുടുംബത്തിൽ ജനിച്ച നടി തന്റെ താരമൂല്യം കൊണ്ട് സൂപ്പർ താരങ്ങളെ വരെ ഞെട്ടിച്ചു. അവരുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കി കൊണ്ടായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം.
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം ഷക്കീല തരംഗം തീർത്തു. ബിഗ്രേഡ് സിനിമകളിലൂടെയാണ് ഷക്കീല തിളങ്ങിയത്. എന്നാൽ കുറെയേറെ വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് താരം. തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചും ടെലിവിഷൻ പരിപാടികളിലൂടെയുമൊക്കെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കടകം പ്രിയങ്കരിയായി കഴിഞ്ഞു ഷക്കീല. സാമൂഹികസേവന രംഗത്തും സജീവമാണ് താരം.
കുടുംബത്തെ പിന്തുണയ്‌ക്കാനായിട്ടാണ് ചെറിയ പ്രായത്തിൽ തന്നെ ഷക്കീല സിനിമയിലേക്ക് എത്തുന്നത്. പല അവസരങ്ങളിലും ഷക്കീല ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിലെയും ജീവിതത്തിലെയും കയ്പേറിയ അനുഭവങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്ക് വേദിയിലും തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷക്കീല. ബിഗ് ബോസ് തെലുങ്ക് സീസൺ ഏഴിലെ മത്സരാർഥികളിൽ ഒരാളാണ് ഷക്കീല.
‘ഞാൻ പത്താം ക്ലാസിൽ തോറ്റതാണ്. കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് ഞാൻ സിനിമയിൽ പ്രവേശിച്ചത്. അച്ഛൻ എന്നെ ഒരുപാട് തല്ലുമായിരുന്നു. ഒരിക്കൽ ഒരു മേക്കപ്പ്മാനാണ് സിനിമയിൽ അവസരം വാങ്ങി താരം എന്ന് പറയുന്നത്. അങ്ങനെയിരിക്കെ ഒരു സിനിമയിൽ സിൽക്കിന്റെ അനിയത്തിയായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. ചില സിനിമകളിൽ അവിടെ എത്തിയ ശേഷം തുണി അഴിക്കാൻ പറയുമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്.
അത് ചെയ്യരുത് എന്ന് അവരോട് പറയൂ എന്ന് മാത്രമാണ് അച്ഛൻ പറഞ്ഞത്’, ‘എന്റെ കുടുംബം എന്നെ ഒരു പൊന്മുട്ട ഇടുന്ന താറാവായാണ് കണ്ടത്. സഹോദരിയാണ് എന്റെ സാമ്പത്തിക കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. അതുകൊണ്ട് അവൾ മാത്രമാണ് രക്ഷപ്പെട്ടത്. എന്നെ ചതിച്ച് അവൾ എല്ലാം കൊണ്ടുപോയി. ഒരു ഘട്ടത്തിൽ ചിലർ എന്റെ സിനിമകൾ ബാൻ ചെയ്യാൻ ശ്രമിച്ചു. എന്റെ സിനിമകൾക്ക് സെൻസർ അനുമതി ലഭിക്കാതെയായി. എന്റെ വീട്ടിൽ ഒന്നുമില്ലാതെയായി.
നാല് കൊല്ലം വെറുതെയിരുന്നു. സാധാരണ സിനിമകളിലേക്കൊന്നും ആരും വിളിച്ചില്ല,’ ഷക്കീല വികാരാധീനയായി. ‘ആ സമയത്താണ് സംവിധായകൻ തേജ സാർ ഒരു ദൈവത്തെ പോലെ വരുന്നത്. അദ്ദേഹം ജയം എന്ന സിനിമയിൽ എനിക്ക് അവസരം തന്നു. തുടർന്നാണ് സാധാരണ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്’, ഷക്കീല പറഞ്ഞു. അതിനിടെ അവതാരകനായ നാഗാർജുന,
ട്രാന്സ്ജണ്ടറുകളായ ഷാഷ, തങ്കം എന്നിവരെ വേദിയിലേക്ക് വിളിച്ച് ഷക്കീലയ്ക്ക് സർപ്രൈസ് നൽകി. ഷക്കീലയുമായുള്ള ബന്ധത്തെക്കുറിച്ച് അവർ വാചാലരായി. തങ്ങളുൾപ്പെടെ 50 ട്രാൻസ്ജൻഡർ മനുഷ്യരെ സ്വന്തം മക്കളെപ്പോലെയാണ് ഷക്കീല പരിപാലിക്കുന്നതെന്ന് അവർ പറഞ്ഞു. അതേസമയം, ഇമേജ് മാറ്റമാണ് ഈ ഷോയിലൂടെ താൻ പ്രതീക്ഷിക്കുന്നതെന്ന് ഷക്കീല വേദിയിൽ തുറന്നു പറയുകയുണ്ടായി.
ഇത് രണ്ടാം തവണയാണ് ഷക്കീല ഒരു ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നത്. നേരത്തെ ബിഗ് ബോസ് കന്നഡ രണ്ടാം സീസണിൽ ഷക്കീല മത്സരിച്ചിരുന്നു. 27 ദിവസം താരം ഷോയിൽ നിന്നും എവിക്റ്റായി. കുക്ക് വിത്ത് കോമാളി, സ്റ്റാർട്ട് മ്യൂസിക്ക് തുടങ്ങിയ തമിഴ് ടെലിവിഷൻ പരിപാടികളിലും ഷക്കീല പങ്കെടുത്തിട്ടുണ്ട്. രണ്ടിലും ആദ്യ സ്ഥാനങ്ങളിൽ ഷക്കീല എത്തിയിരുന്നു.
Leave a Reply