കണ്ണൂരിൽ നഗരമധ്യത്തിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയ സംഭവത്തിൽ പുറത്തു വരുന്നത് ഗുരുതരമായ വസ്തുതകളാണ്. ഒഴിവായത് വൻദുരന്തമാണെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഡിവൈഡർ ഇടിച്ചു തെറിപ്പ് പമ്പിലേക്ക് പാഞ്ഞുവരികയായിരുന്നു എന്ന് പെട്രോൾ പമ്പ് ജീവനക്കാരന്റെ വാക്കുകൾ. തുരുമ്പെടുത്ത നിലയിലായ ജീപ്പിന്റെ ബമ്പർ കെട്ടിവെച്ചിരുന്നത് പ്ലാസ്റ്റിക് കയറുകൊണ്ടാണ്.
ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പമ്പിലേക്ക് ഇടിച്ചു കയറിയ ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെ അപകടത്തിന് ശേഷം കാണാനുമില്ലെന്ന് പമ്പ് ജീവനക്കാരൻ വ്യക്തമാക്കി. ജീപ്പിന്റെ ഭാഗങ്ങളെല്ലാം തുരുമ്പിച്ച അവസ്ഥയിലാണ്. എആർ ക്യാംപിൽ നിന്നും ഭക്ഷണം കൊണ്ടുപോകുന്ന വാഹനമാണിതെന്ന് വ്യക്തമായി. വാഹനത്തിന്റെ മുകളിൽ ക്യാമറകളുണ്ട്.
എന്നാൽ തീർത്തും പൊളിയാറായ അവസ്ഥയിലാണ് ഈ വാഹനമുള്ളത്. ഈ മാസം 7 ന് വാഹനത്തിന്റെ ഇൻഷുറൻസ് കഴിഞ്ഞതായി പരിവാഹൻ സൈറ്റിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. ബാരിക്കേഡിന്റെ ശബ്ദം കേട്ട് ഓടിമാറിയത് കൊണ്ട് മാത്രമാണ് തനിക്ക് രക്ഷപ്പെടാൻ സാധിച്ചതെന്നാണ് പെട്രോൾ പമ്പ് ജീവനക്കാരൻ പറയുന്നത്. യൂണിഫോമിൽ അല്ലാതിരുന്ന രണ്ട് പൊലീസുകാരാണ് വണ്ടിയിലുണ്ടായിരുന്നത്
ഇവരെ പിന്നീട് ഈ സ്ഥലത്ത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരൻ പറയുന്നത്. എന്നാൽ ഇവർ അവിടെ ഉണ്ടായിരുന്നുവെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് അവിടെയുണ്ടായിരുന്ന
സിറ്റി ട്രാഫിക് പൊലീസിന്‍റെ ബാരിക്കേഡും തകര്‍ത്താണ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്താണ് പൊലീസ് ജീപ്പ് നിന്നത്. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയുടെ സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിരുന്നു. പൊലീസ് ജീപ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്.