ഉറ്റവരുടെ വിയോഗങ്ങള്‍ സൃഷ്ടിക്കുന്ന വേദനകള്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ആ വേദന നാളുകള്‍ എത്ര കഴിഞ്ഞാലും നമ്മളെ വിട്ടുപോകണമെന്നില്ല. അത്തരത്തില്‍ ഒരു വേദനയുടെ വാർത്തയാണ് സീരിയല്‍ മേഖലയില്‍ നിന്നും ഇപ്പോള്‍ വരുന്നത്. അളിയന്‍സ് അടക്കമുള്ള ടെലിവിഷന്‍ പരമ്പരകളില്‍ ആര്‍ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന അരവിന്ദ് കഴിഞ്ഞ ദിവസമാണ് മരണപ്പെടുന്നത്.
ചില ടെലിവിഷന്‍ പരമ്പരകളില്‍ ചെറിയ വേഷങ്ങളില്‍ അരവിന്ദ് എത്തുകയും ചെയ്തിട്ടുണ്ട്. സെറ്റിൽ എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നുമാണ് നടി മഞ്ജു സുനിച്ചന്‍ കുറിക്കുന്നത്. മറ്റ് സീരിയല്‍ താരങ്ങളായ അനുമോളും അനീഷ് രവിയും റാഫിയും പ്രിയപ്പെട്ടവന്റെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
“അവൻ പോയി… ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി… നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം… ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ.. അരവിന്ദേ… ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ… അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ… അരവിന്ദേ ഇന്നാടാ മുട്ടായി…
ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല… വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി… കണ്ണ് നനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ…,” മഞ്ജു സുനിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“എന്റെ അരവിന്ദാ എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്. നീ അല്ലേടാ ഷൂട്ടിന്റെ ലാസ്റ്റ് ദിവസം എന്നെ വണ്ടിയിൽ കയറ്റി വിട്ടേ ഇനി ആരാടാ എനിക്ക് ലൊക്കേഷനിൽ കൂട്ടുള്ളത്. ആരാടാ എനിക്ക് ഫോട്ടോസ് വീഡിയോസ് എടുത്തു തരുന്നത്, ഷൂട്ട് കഴിയുന്നത് വരെ കൂടെ ഉണ്ടാകും, എപ്പോൾ വിളിച്ചാലും ഓടി വരും. കണ്ടില്ലെങ്കിൽ വിളിച്ചു ചോദിക്കും നീ എവിടെ ടാ എന്ന്.

നീ ഇത്ര പെട്ടന്ന് പോകും എന്ന് നിനക്ക് പോലും അറിയില്ലായിരുന്നല്ലോ മോനെ. നീ എന്നും നമ്മുടെയൊക്കെ കൂടെയുണ്ട്. മറക്കില്ല ഡാ. എന്നും എപ്പോഴും,” എന്ന് അനുമോളും ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, അരവിന്ദിന് എന്താണ് പറ്റിയതെന്നുള്ള ചോദ്യങ്ങളും

താരങ്ങളുടെ പോസ്റ്റിന് താഴെ നിരവധിയാളുകള്‍ ചോദിക്കുന്നുണ്ട്. ചെറിയ തലവേദന വന്നതാണ്, അത് ഇന്‍ഫക്ഷനായെന്നായിരുന്നു ഒരാള്‍ മറുപടി നൽകിയത്. പെട്ടെന്ന് വയ്യാതായി, ബ്രയിന്‍ ഇന്‍ഫെക്ടടായിപ്പോയി എന്ന് ബീന ആന്റണിയുടെ ചോദ്യത്തിന് മഞ്ജു സുനിച്ചന്‍ മറുപടി നല്‍കുകയും ചെയ്തു.

