ദിവസങ്ങളായി നിലനിന്ന കുടുംബവഴക്കിനൊടുവില്‍ നഷ്ടമായത് മകന്റെ ജീവന്‍. പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന്‍ അമല്‍ദാസ് (22) തിങ്കളാഴ്ചയാണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹോദരി കാവ്യയെ ഫോണിൽ വിളിക്കുന്നിടെ ശിവദാസൻ പുറകിൽ വന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന.
ശിവദാസിന്റെ ഭാര്യ സരോജിനി ഗോവയിൽ വീട്ടുജോലിക്ക് നിൽക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവർ ജോലിക്ക് പോയതുമായി ബന്ധപ്പെട്ട് വീട്ടിൽ വാഴക്കായിരുന്നു. ഇതേതുടർന്ന് ഇവരും മകളും മുള്ളൻകൊല്ലിയിലെ സരോജിനിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. അമ്മയെയും സഹോദരിയെയും ഫോണിൽ പോലും വിളിക്കുന്നത് പ്രതിയായ പിതാവ് മകനെ വിലക്കിയിരുന്നു.
സഹോദരി കാവ്യ അമൽദാസുമായി ഫോണിൽ സംസാരിക്കുന്നതിനിടെ സഹോദരന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് സംശയം തോന്നുകയും അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ അമലിനെ കണ്ടെത്തിയത്. ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.
കുടുംബവഴക്കിനെ സംബന്ധിച്ച് പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നിലനിൽക്കുന്നുണ്ട്. സംഭവത്തിന് ശേഷം ശിവദാസൻ ഒളിവിൽ പോയെങ്കിലും വൈകീട്ടോടെ പൊലീസ് പിടികൂടി. പുല്‍പ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.